തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ കുട്ടികൾക്കായി ഒരുക്കിയ റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ലോഗോയും ഗാനവും പ്രകാശനം ചെയ്തു. കുട്ടികൾ,അദ്ധ്യാപകർ,രക്ഷാകർത്താക്കൾ,സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട് അവബോധം വളർത്തുകയാണ് ലക്ഷ്യം. ലോകത്തെവിടെനിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാം. തിങ്കൾ മുതൽ വെള്ളി വരെ നാലുമണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. 1200 ഗ്രാമ-ബ്ലോക്ക്-ജില്ല-മുനിസിപ്പൽ കോർപ്പറേഷനുകളിലെ 21900 വാർഡുകളിലും എൻ.ജി.ഒകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയിൽ ബാലാവകാശസാക്ഷരത എത്തിക്കാനാണ് പദ്ധതി. വനിതാശിശു വികസനം,വിദ്യാഭ്യാസം,തദ്ദേശസ്വയംഭരണം,പട്ടികജാതി പട്ടികവർഗ വികസനം,പൊലീസ്,എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം.പരിപാടിയിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കമാർ,അംഗങ്ങളായ എൻ.സുനന്ദ,ജലജമോൾ ടി.സി,സിസിലി ജോസഫ്,എഫ്.വിൽസൺ, കെ.കെ.ഷാജു,ബി.മോഹൻകുമാർ,സെക്രട്ടറി എച്ച്.നജീബ്,സൗണ്ട് പാർക്ക് അക്കാദമി സി.ഇ.ഒ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.ആൻഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽനിന്നും ഐ.ഒ.എസിൽ ആപ്‌സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം.കുട്ടിക്കാല ഓർമകൾ,അനുഭവങ്ങൾ,സ്‌കൂൾ ജീവിതം, സന്തോഷങ്ങൾ,പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും (radionellikka@gmail.com),വാട്‌സ് ആപ് (9993338602) മുഖേനയും അറിയിക്കാം.ഇമ്മിണിബല്യകാര്യം,അങ്കിൾ ബോസ് എന്നിവയിലേക്ക് +91 9993338602ലും വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |