സാഗ്രെബ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി ക്രൊയേഷ്യ. കാനഡയിലെ ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയോടെയാണ് മോദി ക്രൊയേഷ്യയിലെത്തിയത്. സാഗ്രെബ് വിമാനത്താവളത്തിലെത്തിയ മോദിയെ ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെയ് പ്ലെൻകോവിച് നേരിട്ടെത്തി സ്വീകരിച്ചു. നിരവധി ഇന്ത്യൻ വംശജരും മോദിയെ വരവേൽക്കാൻ സാഗ്രെബ് നഗരത്തിലെത്തി. വിമാനത്താവളം മുതൽ ഹോട്ടൽ വരെ അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോയ പാതയിലുടനീളം ഇന്ത്യൻ പതാകയുമായി നൂറുകണക്കിന് പേർ അണിനിരന്നു.
ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ക്രൊയേഷ്യൻ സന്ദർശനമാണിത്. സെന്റ് മാർക്ക് സ്‌ക്വയറിൽ മോദിക്ക് പ്ലെൻകോവിചിന്റെ നേതൃത്വത്തിൽ ഔപചാരിക സ്വീകരണമൊരുക്കി. മോദിയുടെ വരവിലൂടെ ഇന്ത്യ-ക്രൊയേഷ്യ ബന്ധത്തിലെ പുതിയ അദ്ധ്യായം തുടങ്ങുകയാണെന്നും വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുമെന്നും പ്ലെൻകോവിച് പറഞ്ഞു. പ്ലെൻകോവിചുമായും പ്രസിഡന്റ് സോറൻ മിലാനോവിചുമായും ഉന്നതതല ചർച്ച നടത്തുന്ന മോദി ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.
മോദിയെ പോലെ ആകണം: മെലോനി
പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവാണെന്നും അദ്ദേഹത്തെ പോലെയാകാനാണ് തന്റെ ശ്രമമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. കാനഡയിൽ ജി 7 ഉച്ചകോടിക്കിടെ മോദിയെ കണ്ടപ്പോഴാണ് മെലോനിയുടെ പരാമർശം. മോദിക്ക് ഹസ്തദാനം നൽകി സൗഹൃദം പങ്കിട്ട മെലോനി അദ്ദേഹത്തൊടൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവച്ചു. ഇന്ത്യയും ഇറ്റലിയും മഹത്തായ സൗഹൃദത്താൽ ബന്ധപ്പെട്ടിരിക്കുന്നെന്നും അവർ കുറിച്ചു. ഇന്ത്യ-ഇറ്റലി സൗഹൃദം ശക്തമായി മുന്നോട്ടുപോകുമെന്ന് മോദിയും കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |