കാസർകോട്: ചെറുപ്പകാലത്ത് മൂർച്ചയേറിയ കവിതകളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പാടുന്ന പടവാളായി അറിയപ്പെടുകയും സ്വാതന്ത്ര്യാനന്തരം അദ്ധ്യാത്മികതയിലേക്ക് തിരിയുകയും ചെയ്ത ടി.എസ്.തിരുമുമ്പിന്റെ ഭവനം കാർഷിക സാംസ്കാരിക പഠന കേന്ദ്രമായി.
1984ൽ എഴുപതിയെട്ടാം വയസിൽ അന്തരിക്കുന്നതിന് മുമ്പ് വീടും പത്തേക്കർ സ്ഥലവും അതിനോട് ചേർന്നുള്ള കേരള കാർഷിക സർവകലാശാലയുടെ പീലിക്കോട് സെന്ററിന് എഴുതിവച്ചിരുന്നു.
പതിറ്റാണ്ടുകളായി കാടുമൂടിക്കിടന്ന ആ സ്ഥലത്തിനാണ്
പുതുജീവൻ ലഭിച്ചത്.
പുതുതലമുറയ്ക്ക് കാർഷിക സംസ്കൃതി പഠിക്കാനും ഏറുമാടത്തിൽ കയറി കഥയെഴുതാനും വിനോദ സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും കഴിയും. ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ്. കവിയുടെ 119-ാം ജന്മവാർഷിക ദിനമായ ജൂൺ 12ന് അനുസ്മരണ ചടങ്ങുകൾ ഇവിടെ സംഘടിപ്പിച്ചിരുന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേയാണ് കേരള കാർഷിക സർവകലാശാലയുടെ മേൽനോട്ടത്തിൽ, കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയത്. രണ്ടുകോടിയാണ് ചെലവിട്ടത്.
കാർഷിക സംസ്കൃതിയെ ഓർമ്മപ്പെടുത്തുന്ന ഉപകരണങ്ങൾ, കൃഷി രീതികൾ, പാരമ്പര്യങ്ങൾ എന്നിവ ഇപ്പോഴത്തെ തലമുറയ്ക്ക് പുതിയ അനുഭവമാവും. സിവിൽ വർക്കുകൾ നിർമ്മിതിയും ചിത്രങ്ങളും ശില്പങ്ങളും ആർട്ടിസ്റ്റ് സുരഭി ഈയ്യക്കാടുമാണ് ഒരുക്കിയത്.
'രവിപുരം' വീട്ടിൽ..
സൂക്ഷിപ്പുകൾ
കവിയുടെ ചാരുകസേര, കുട, കണ്ണട തുടങ്ങിയവയുണ്ട്. എഴുതി പൂർത്തിയാകാതെപോയ കൈയെഴുത്ത് പ്രതി ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. ചുമരുകളിൽ കവിയുടെയും സഹധർമ്മിണിയുടെയും ചിത്രങ്ങൾ. കൃതികളും കവിയെക്കുറിച്ചുള്ള എഴുത്തുകളും പഠനങ്ങളും അടങ്ങിയ ലൈബ്രറി. താമസിച്ചു പഠിക്കാൻ സൗകര്യവുമുണ്ട്. അടുക്കളയാണ് പഠന കേന്ദ്രത്തിന്റെ ഓഫീസ്.
ഹരിതവനം മുതൽ നിലവറ വരെ
ഹരിതവനം, മരുന്ന് ചെടികൾ,വിദേശ ഫലകങ്ങൾ, മീൻ കൃഷി,കൂറ്റൻ ശംഖ്,റോക്ക് ഗാർഡൻ,
ശലഭോദ്യാനം,ബാംബു പാർക്ക്,കുട്ടികളുടെ പാർക്ക്,ചക്ക, കവുങ്ങ് ഗാർഡനുകൾ,
കാസർകോടൻ കുള്ളൻ പശുക്കൾ,മലബാറി ആടുകൾ,പറയും പത്തായവും,ആശ്രമം, ഏറുമാടം,ചമയം ഓഡിറ്റോറിയം, ഊട്ടുപുര,ദർപ്പണം എക്സിബിഷൻ ഹാൾ, കലവറ, നിലവറ,
'പൗരാണിക രീതിയിലുള്ള സജ്ജീകരണങ്ങളും കാർഷിക മ്യൂസിയവും കാർഷിക യന്ത്രവത്കരണത്തിന്റെ പരിണാമങ്ങളും വിനോദ സഞ്ചാരികളെയും കുട്ടികളെയും ആകർഷിക്കുന്ന രീതിയിലുള്ള ഗാർഡനുകളും പഠന കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു.'
-ഡോ. ടി.വനജ (പ്രൊജക്റ്റ് ലീഡർ, ഗവേഷണ കേന്ദ്രം ഡയറക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |