തിരുവനന്തപുരം: കെ- സ്‌പേസ് പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് തുറക്കുന്നത് ബഹിരാകാശ രംഗത്തെ വൻ വ്യവസായ സാദ്ധ്യതകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിരാകാശ പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ വിതരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കെ- സ്‌പേസ് പാർക്ക് കോമൺ ഫെസിലിറ്റി സെന്ററിന്റെയും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ടെക്നോസിറ്റി ക്യാമ്പസിലെ 3.5 ഏക്കറിൽ രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് നിർമ്മാണം.
244 കോടി രൂപ ചെലവ്. നബാർഡിന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കുക. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുമുണ്ടാകും. 1000 കോടി മുതൽ മുടക്കിൽ നാല് സയൻസ് പാർക്കുകളാണ് ആരംഭിക്കുക. ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയായി. 250 കോടി രൂപയുടെ അഡ്വാൻസ്ഡ് സ്‌പേസ് ഇനിഷ്യേറ്റീവ് തുടങ്ങാനും ലക്ഷ്യമിട്ടിട്ടുണ്ട്.
1962ൽ തുമ്പയിൽ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചതോടെ തിരുവനന്തപുരം ബഹിരാകാശ രംഗത്തെ ശ്രദ്ധേയ നഗരമായി. വി.എസ്.എസ്.സി, എൽ.പി.എസ്.സി, ഐ.ഐ.എസ്.ടി, ബ്രഹ്മോസ് എയ്റോസ്‌പേസ് തുടങ്ങി നിരവധി ബഹിരാകാശ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സ്‌പേസ് പാർക്ക് യാഥാർത്ഥ്യമാകുന്നോടെ പ്രതിരോധ മേഖലയിൽ രാജ്യത്തിന്റെ പ്രധാന ഇടപെടലുകൾ ഇവിടെ നിന്നാകുമെന്നും ഐ.ടി.ഐ, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സാദ്ധ്യതകൾ വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്റി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. കേരള എയ്റോ എക്സ്പോയുടെ ഉദ്ഘാടനം മന്ത്റി ജി.ആർ.അനിൽ നിർവഹിച്ചു. ഐ.എസ്.ആർ.ഒ- ഐ.ഐ.എസ്.യു ഡയറക്ടർ ഇ.എസ്.പത്മകുമാർ, നബാർഡ് ചെയർമാൻ കെ.വി.ഷാജി, ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി സന്തോഷ് ബാബു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |