തിരുവനന്തപുരം: മീറ്റർ റീഡിംഗ് തസ്തികയിലുള്ള ആയിരത്തിലേറെ ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,കരാർ,കുടുംബശ്രീ,പിൻവാതിൽ നിയമനങ്ങൾ നടത്തി വാട്ടർ അതോറിട്ടി. അതേസമയം, യോഗ്യരായവരെ നിയോഗിക്കാത്തതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന് ഗുണഭോക്താക്കളുടെ പരാതി.
മീറ്റർ റീഡർ ഒഴിവുകൾ കണക്കാക്കി സ്ഥിരം നിയമനം നൽകുന്നതിനായി അനാവശ്യ തസ്തികകൾ പുനഃക്രമീകരിക്കുന്നതിനുള്ള ശുപാർശ വാട്ടർ അതോറിട്ടി സർക്കാരിന് നൽകിയിരുന്നു. സാമ്പത്തിക ബാദ്ധ്യത അധികമാകാത്ത വിധത്തിൽ ക്രമീകരിക്കാനായിരുന്നു ശുപാർശ. ഓഫീസ് അസിസ്റ്റന്റ്, ലസ്കർ, വർക്കർ, ലൈൻമാൻ തുടങ്ങിയവ മീറ്റർ റീഡർ തസ്തികയാക്കാനും ഷിഫ്റ്റ് ഓപ്പറേറ്റർ,അസിസ്റ്റന്റ് ഷിഫ്റ്റ് ഓപ്പറേറ്റർ, മെക്കാനിക്കൽ ഓപ്പറേറ്റർ, പമ്പ് ഓപ്പറേറ്റർ തസ്തികകൾ ഓപ്പറേറ്റർ ആക്കാനും ശുപാർശ ചെയ്തിരുന്നു. എന്നാൽ,ഒരു വർഷത്തിലേറെയായി ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഈ ഫയലിൽ തീരുമാനമായിട്ടില്ല.
70ലേറെ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്തതിനെ തുടർന്ന് പണിയില്ലാതായ വാട്ടർ അതോറിട്ടിയിലെ ചില ഡ്രൈവർമാരെയും ഓഫീസ് അസിസ്റ്റന്റുമാരെയും മീറ്റർ റീഡിംഗ് തസ്തികയിലേക്ക് മാറ്റിയതിനെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഗുണഭോക്താക്കളുടെ പ്രശ്നം തീരുന്നില്ല
ഗുണഭോക്താക്കൾക്കനുസൃതമായി മീറ്റർ റീഡർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. മീറ്റർ റീഡർമാർ തന്നെ ഗുണഭോക്താക്കളുടെ പ്രാഥമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാങ്കേതിക സഹായങ്ങൾ ചെയ്യുന്നതിനുമായാണ് ഐ.ടി.ഐ യോഗ്യതയുള്ളവരെ നിയമിച്ചിരുന്നത്. സ്ഥിരംനിയമനങ്ങൾ കുറഞ്ഞതോടെ, യോഗ്യതയില്ലാത്തവരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും, കുടുംബശ്രീ പ്രവർത്തകരെ മീറ്ററിന് 10 രൂപ നിരക്കിൽ കരാറടിസ്ഥാനത്തിലും നിയമിക്കുകയായിരുന്നു.
ഐ.ടി.ഐ യോഗ്യതയുള്ള മീറ്റർ റീഡിർമാർ- 300
താത്കാലിക നിയമനം- 2700
തസ്തിക പുനഃക്രമീകരിക്കാൻ ശുപാർശ ചെയ്തത്- 600
നിലവിലുള്ള ആകെ ഗുണഭോക്താക്കൾ- 36.71 ലക്ഷം
ജൽജീവൻ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കുന്നത്- 70.61 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |