ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് പുറത്ത്. ജൂലായ് 21ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതിനിടെയാണിത്.
യശ്വന്ത് അറിയാതെ വസതിക്ക് തൊട്ടുള്ള സ്റ്റോർ റൂമിൽ നോട്ടുകൂമ്പാരം വരില്ലെന്ന നിഗമനത്തിലാണ് മൂന്നംഗസമിതിയെത്തിയത്. മൊഴികളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണിത്. ജഡ്‌ജിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ട്. ന്യായാധിപ പദവിയിൽ നിന്ന് നീക്കാൻ തക്ക ഗുരുതരമായ തെറ്രാണ് ചെയ്‌തിരിക്കുന്നതെന്ന് മേയ് മൂന്നിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ജഡ്‌ജിയുടെ മൊഴി വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു,ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ,കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയാണ് വിഷയം അന്വേഷിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മേയിൽ ഇംപീച്ച്മെന്റിനുള്ള ശുപാർശയും,റിപ്പോർട്ടും രാഷ്ട്രപതിക്ക് കൈമാറിയിരുന്നു. രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ് യശ്വന്ത്. നിലവിൽ അലഹബാദ് ഹൈക്കോടതിയിലാണെങ്കിലും ജുഡിഷ്യൽ ജോലികളിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുകയാണ്.
കണ്ടെത്തലുകൾ
1. സ്റ്റോർ റൂം ജഡ്‌ജിയുടെയും കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു. പുറമേ നിന്നുള്ളവർക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയില്ല.
2. മാർച്ച് 14ന് രാത്രി 11.35ന് തീപിടിത്തം. 15ന് പുലർച്ചെ കത്തിയ നോട്ടുകൂമ്പാരം രഹസ്യമായി നീക്കി
3. അഗ്നിശമന സേന,പൊലീസ് ഉദ്യോഗസ്ഥർ അടക്കം പത്തിൽപ്പരം സാക്ഷികൾ കത്തിയ നോട്ടുകൾ കണ്ടു
4. 55 സാക്ഷികളുടെ മൊഴിയെടുത്തു
5. സ്റ്റോർ റൂം വൃത്തിയാക്കി തുടങ്ങിയ ആരോപണങ്ങൾ ജഡ്‌ജിയുടെ പ്രൈവറ്റ് സെക്രട്ടറി രജീന്ദർ സിംഗ് കർകി നിഷേധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |