ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ സി.ഇ.ഒ കാംപ്ബെൽ വിൽസൺ. പറക്കലിന് മുൻപ് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനവും, അതിലെ രണ്ട് എൻജിനുകളും ഒരു പ്രശ്‌നവും കാണിച്ചിരുന്നില്ല. മികച്ച രീതിയിൽ പരിപാലിച്ചിരുന്ന വിമാനമാണ്. 2023 ജൂണിൽ മുഖ്യ മെയിന്റനൻസ് പരിശോധനകൾ നടത്തിയിരുന്നു. അടുത്ത മേജർ ചെക്ക് ഇൻ ഷെഡ്യൂൾ ചെയ്‌തിരുന്നത് ഈവർഷം ഡിസംബറിലാണ്.
കഴിഞ്ഞ മാർച്ചിൽ വലത് എൻജിനിലെ പാർട്സുകൾ മാറ്റി അപ്ഡേറ്ര് ചെയ്‌തിരുന്നു. ഏപ്രിലിൽ ഇടത് എൻജിൻ വിശദ പരിശോധനയ്‌ക്കും വിധേയമാക്കി. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നു. അന്വഷണ റിപ്പോർട്ടിനായി കാത്തിരിക്കുന്നു. എയർ ഇന്ത്യയുടെ പക്കലുള്ള 33 ഡ്രീംലൈനർ വിമാനങ്ങളിൽ 26 എണ്ണത്തിന്റെ സുരക്ഷാപരിശോധന പൂർത്തിയായി. സുരക്ഷിതമാണെന്ന് ഡി.ജി.സി.എ കണ്ടെത്തി.
15% സർവീസുകൾ
വെട്ടിക്കുറയ്‌ക്കും
എയർഇന്ത്യ വിമാനങ്ങളുടെ സുരക്ഷാ പരിശോധന തുടരുന്നതും, ഇറാൻ- മിഡിൽ ഈസ്റ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നതും കാരണം ഇന്നുമുതൽ ജൂലായ് പകുതി വരെ 15%ലധികം സർവീസുകൾ വെട്ടിക്കുറയ്‌ക്കുമെന്നും സി.ഇ.ഒ അറിയിച്ചു. എയർ ഇന്ത്യയുടെ ഒരു ഡ്രീംലൈനർ വിമാനത്തിന്റെയും മെയിന്റനൻസ് ടർക്കിഷ് കമ്പനിക്ക് നൽകിയിട്ടില്ലെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ബ്ലാക്ക് ബോക്‌സ്
വിദേശത്തേക്ക് ?
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇന്ത്യയിൽ പരിശോധിക്കണോ വിദേശത്തേക്ക് അയയ്ക്കണോ എന്നത് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിക്കുമെന്ന് വ്യോമയാന മന്ത്രാലയം. ബ്ലാക്ക് ബോക്‌സ് യു.എസിലേക്ക് പരിശോധനയ്‌ക്ക് അയയ്ക്കുമെന്ന് അഭ്യൂഹമുയർന്നതിനെ തുടർന്നാണ് പ്രതികരണം.
രണ്ടു വിമാനങ്ങൾ അടിയന്തര
ലാൻഡിംഗ് നടത്തി
ഇന്നലെ രാജ്യത്ത് രണ്ട് വിമാനങ്ങൾ അടിയന്തര ലാൻഡിംഗ് നടത്തി. ഡൽഹി - ലേ വിമാനം ഡൽഹി വിമാനത്താവളത്തിലും, ഹൈദരാബാദ് - തിരുപ്പതി സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദിലും തിരിച്ചിറക്കി. സാങ്കേതിക പ്രശ്നമാണ് കാരണമായി പറയുന്നത്. ഹൈദരാബാദ് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 6.10ന് തിരുപ്പതിയിലേക്ക് 80 യാത്രക്കാരുമായിയാണ് എസ്.ജി 2696 വിമാനം പറന്നുയർന്നത്. തുടർന്ന് 10 മിനിറ്റിനുശേഷം സങ്കേതിക തകരാർ പൈലറ്റ് കണ്ടെത്തിയതിനാൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട പൈലറ്റിന് വിമാനത്താവളത്തിലേക്ക് മടങ്ങാൻ അനുമതി നൽകുകയായിരുന്നു. അതേസമയം,വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിട്ടില്ലെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി. ഇന്നലെ 20ൽപ്പരം എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി. രാജ്യാന്തര, ആഭ്യന്തര യാത്രക്കാർ ബുദ്ധിമുട്ടിലായി.
215 പേരുടെ മൃതദേഹം
തിരിച്ചറിഞ്ഞു
അഹമ്മദാബാദ് ദുരന്തത്തിൽ ഇതുവരെ 215 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. വിമാനത്തിന്റെ സഹപൈലറ്റ് ക്ലീവ് കുന്ദേറിന്റെ മൃതദേഹം മുംബയിൽ സംസ്കരിച്ചു.
8 മാസം പ്രായമുള്ള
കുട്ടിയുടെ നില മെച്ചപ്പെട്ടു
വിമാനാപകടത്തിൽ 28% പൊള്ളലേറ്റ 8 മാസം പ്രായമുള്ള ധ്യാൻഷിന്റെ നില മെച്ചപ്പെട്ടു. പരിക്കേറ്റവരിൽ ഏറ്റവും പ്രായം കുറവ് ഈ കുട്ടിക്കാണ്. അമ്മ മനീഷയ്ക്കും പൊള്ളലേറ്റിരുന്നു. ധ്യാൻഷ് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യുവിലാണ്. രണ്ടുദിവസത്തിനകം ജനറൽ വാർഡിലേക്ക് മാറ്റിയേക്കും. എയർപോർട്ടിന് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |