കോട്ടയം : കളരി, യോഗ, കരാട്ടെ ഫൈറ്റ് ...എന്തുമാകട്ടെ ബസേലിയസ് കോളേജ് രണ്ടാം വർഷ ലിറ്ററേച്ചർ വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മിയ്ക്ക് സിംപിളാണ്. ഒപ്പം പരിശീലകയായും തിളങ്ങുകയാണ്. വല്യച്ഛൻ ഗോപാലകൃഷ്ണന്റെ ആഗ്രഹപ്രകാരമാണ് മദ്ധ്യവേനലവധിക്കാലത്ത് മറ്റക്കര സി.വി.എൻ കളരിയിൽ സഹോദരങ്ങൾക്കും കസിൻസിനും ഒപ്പം പോയത്. പത്താംവയസിൽ സുധീന്ദ്രനാഥ് ഗുരുക്കളുടെ കീഴിൽ കളരിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. ഇതിനിടെ ശരീരത്തിന് മെയ്‌വഴക്കം ലഭിക്കുന്നതിനായി യോഗയും അഭ്യസിച്ചു. അജി അമയന്നൂർ, ഷാബു മാസ്റ്റർ എന്നിവരായിരുന്നു ഗുരുക്കൾ. ബിസിനസുകാരനായ അച്ഛൻ അയർക്കുന്നം കൂട്ടുങ്കൽ ബാലകൃഷ്ണൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. സലീം, വിനോദ് എന്നിവരുടെ കീഴിൽ മൂന്ന് വർഷമായി കരാട്ടെയും അഭ്യസിക്കുന്നു. ആറുമാസം മുൻപാണ് ഭാഗ്യലക്ഷ്മിയും വല്യച്ഛന്റെ മകൾ ഗായത്രിയും മറ്റക്കര സി.വി.എൻ കളരിയിലെ പരിശീലകരായത്. നാല് വയസു മുതലുള്ള 35 ഓളം കുട്ടികൾക്ക് പരിശീലനം നൽകുന്നു. ശനി, ഞായർ ദിവസങ്ങളിലും ക്ലാസിന് ശേഷം, രണ്ട് മണിക്കൂർ മറ്റിടങ്ങളിലും പരിശീലനം നൽകുന്നു. രജിതയാണ് മാതാവ്. സഹോദരങ്ങൾ : ഭാഗ്യനാഥ്, നരേന്ദ്ര നാഥ്.
2023 ൽ ഉജ്ജ്വലബാല്യം പുരസ്‌കാരം
മെയ് വഴക്കത്തിനും ആസനങ്ങൾക്കും പ്രാധാന്യം നൽകുന്ന സ്‌പോർട്‌സ് യോഗയോടാണ് താത്പര്യം.
2023ലെ ഉജ്ജ്വലബാല്യം പുരസ്‌കാരവും ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം യോഗ ദേശീയതല മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി. രണ്ടുതവണ വെങ്കലവും, ഒരു തവണ നാലാംസ്ഥാനവും കരസ്ഥമാക്കി. ബോഡി ബിൽഡിംഗിൽ രണ്ട് വർഷം മിസ് കേരളയും ജില്ലയിൽ നാലുവർഷം മിസ് കോട്ടയവുമായിരുന്നു. നാലുവർഷമായി യോഗ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ബോഡി ബിൽഡിംഗിൽ വുമൺ ഫിറ്റ്‌നസ് ഫിസിക് ഓപ്പൺ കാറ്റഗറിയിലാണ് മത്സരിച്ചത്. ജില്ലാ കളരിപ്പയറ്റ് മത്സരത്തിൽ മെയ്‌പയറ്റിൽ നാലുവർഷമായി ചാമ്പ്യനാണ്.
''ലിറ്ററേച്ചർ അദ്ധ്യാപികയാകണം. യോഗ, കരാട്ടെ, കളരിയും കൂടെക്കൂട്ടണം. പുതുതലമുറയിലുള്ളവർ മാർഷൽ ആർട്ട് പോലെയുള്ളവ ലഹരിയാക്കി മാറ്റണം.
(ഭാഗ്യലക്ഷ്മി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |