കൊച്ചി: പറവൂർ തിരുവാലൂർ ആലങ്ങാട് ഇരവിപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്താൻ പറവൂർ കോട്ടപ്പുറം ഹിന്ദു ഹൈന്ദവീയം കൂട്ടായ്മയ്ക്ക് നൽകിയ അനുമതി നിഷേധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൂട്ടായ്മയുടെ ഹർജിയിലാണ് കോടതിയുടെ നടപടി.
അനുമതി റദ്ദാക്കും മുൻപ് കാരണം കാണിക്കൽ നോട്ടിസ് നൽകുകയോ തങ്ങളുടെ വാദം കേൾക്കുകയോ ചെയ്തില്ലെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരെയും ക്ഷേത്ര ഉപദേശക സമിതിയെയും മറ്റ് ബന്ധപ്പെട്ട കക്ഷികളെയും കേട്ട ശേഷം എത്രയും വേഗം തീരുമാനമെടുക്കാനും ദേവസ്വം ബോർഡിന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകി.
ക്ഷേത്ര മൈതാനത്ത് ഡിസംബർ 27ന് അയ്യപ്പൻ വിളക്ക് നടത്താൻ അനുമതി നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വഴിപാടുകൾക്ക് ഭക്തരിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു ഹൈന്ദവീയ കൂട്ടായ്മ ഏതാനും വർഷങ്ങളായി ദേവസ്വം ബോർഡ് അനുമതിയോടെ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്താറുണ്ട്. ഈവർഷം ഒക്ടോബർ 9ന് അസി. കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അയ്യപ്പൻ വിളക്ക് നടത്താൻ ട്രസ്റ്റിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ, ഒക്ടോബർ 15ന് നോട്ടീസ് നൽകാതെയും വാദം കേൾക്കാൻ അവസരം നൽകാതെയും അനുമതി റദ്ദാക്കിയെന്നാണ് പരാതി.
ദേവസ്വം ബോർഡിന്റെ നടപടികൾ നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹർജിക്കാർ വാദിച്ചു.
ഭക്തരിൽ നിന്ന് പണം പിരിച്ചാണ് ട്രസ്റ്റ് ഉത്സവം നടത്തിയിരുന്നത്. ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. 2023ലും 2024ലും ട്രസ്റ്റ് അയ്യപ്പൻ വിളക്ക് നടത്തിയിരുന്നു. അയ്യപ്പൻ വിളക്കിന്റെ നടത്തിപ്പിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്നും അറിയിച്ചു. എന്നാൽ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് അനുമതി പിൻവലിച്ചതെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു.
ട്രസ്റ്റിന് വേണമെങ്കിൽ തങ്ങളുടെ അവകാശം സ്ഥാപിക്കാൻ സിവിൽ നിയമവഴി തേടാവുന്നതാണെന്നും വിലയിരുത്തിയാണ് കോടതി ഹർജി തീർപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |