കലാനിധി മാരനെതിരെ വക്കീൽ നോട്ടീസയച്ച് ദയാനിധി മാരൻ
കൊച്ചി: സൺ ടി.വിയിലെ ഓഹരി കൈമാറ്റത്തിൽ തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ, ബിസിനസ് ഗ്രൂപ്പായ മാരൻ കുടുംബത്തിൽ തർക്കം മുറുകുന്നു. 2003ൽ നടന്ന ഓഹരി കൈമാറ്റത്തിൽ വൻ കള്ളക്കളി നടന്നുവെന്ന ആരോപണവുമായി മുൻകേന്ദ്രമന്ത്രിയും ഡി.എം.കെയുടെ എം.പിയുമായ ദയാനിധി മാരൻ സഹോദരനും സൺ ടി. വി ചെയർമാനുമായ കലാനിധി മാരനെതിരെ വക്കീൽ നോട്ടീസ് അയച്ചു. വ്യക്തമായ മൂല്യ നിർണയമില്ലാതെയും ഓഹരി ഉടമകളുടെ അനുമതി തേടാതെയും ഡയറക്‌ടർ ബോർഡിൽ പ്രമേയം അവതരിപ്പിക്കാതെയുമാണ് 2003 സെപ്തംബർ 15ന് സൺ ടി.വിയുടെ 12 ലക്ഷം ഓഹരികൾ കലാനിധി മാരൻ സ്വന്തമാക്കിയതെന്ന് ദയാനിധി ആരോപിക്കുന്നു. ഇടപാട് നടന്ന കാലയളവിൽ പത്ത് രൂപ മുഖവിലയുള്ള ഈ ഓഹരികളുടെ മൂല്യം 3,500 കോടി രൂപയായിരുന്നുവെന്നും അവകാശപ്പെടുന്നു. 2003ന് മുൻപ് ഒരു ഓഹരി പോലുമില്ലാതിരുന്ന കലാനിധി തട്ടിപ്പിലൂടെ ഓഹരി പങ്കാളിത്തം 60 ശതമാനമായി ഉയർത്തിയെന്നാണ് ആരോപണം.
ദയാലു അമ്മാളിനെ അറിയിക്കാതെ ഇടപാടുകൾ
തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ അനന്തരവനും മാരൻ സഹോദരൻമാരുടെ അച്ഛനുമായ മുരശൊലി മാരന്റെ മരണ കാലയളവിലാണ് ഇടപാടുകൾ നടന്നത്. ഡയറക്‌ടർ ബോർഡിലെ കുടുംബത്തിന്റെ പ്രതിനിധിയായ കരുണാനിധിയുടെ ഭാര്യ എം.കെ ദയാലു അമ്മാളിന്റെ അറിവോ സമ്മതമോ ഇടപാടിനുണ്ടായില്ലെന്നും ദയാനിധി ആരോപിക്കുന്നു. ഇടപാടിലൂടെ ലാഭവിഹിതമായി മാത്രം കലാനിധിക്ക് 2023 വരെ 5,926 കോടി രൂപയാണ് ലഭിച്ചതെന്നും നോട്ടീസിൽ പറയുന്നു.
മാരന്റെ ബിസിനസ് സാമ്രാജ്യം
മുരശൊലി മാരൻ 1993ലാണ് തമിഴ് സൺ ടി.വി ആരംഭിച്ചത്. പിന്നീടാണ് ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിൽ ചാനലുകളും സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ച് പ്രവർത്തനം വ്യാപിപ്പിച്ചത്. അനധികൃതമായി നേതൃസ്ഥാനത്തെത്തിയ കലാനിധിയും ഭാര്യ കാവേരിയും മറ്റ് പങ്കാളികളും ചേർന്ന് സൺ ടി.വിയുടെ പണം ദുരുപയോഗം ചെയ്ത് സൺ ഡയറക്‌ട്, കൽ റേഡിയോസ്, സൺ പിക്‌ചേഴ്സ്, സൗത്ത് ഏഷ്യൻ എഫ്.എം, ഐ.പി.എൽ ടീം തുടങ്ങിയ ആസ്തികൾ സ്വന്തമാക്കിയെന്നാണ് ദയാനിധി മാരൻ ആരോപിക്കുന്നത്.
നിഷേധിച്ച് സൺ ടി.വി
മാരൻ സഹോദരമാർക്കിടെയിലെ തർക്കം സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമാണെന്ന് സൺ ടി.വി പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രൊമോട്ടർമാരുടെ കുടുംബ തർക്കങ്ങൾ മാത്രമാണെന്നും കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |