തിരുവല്ല : സ്‌കൂൾ പഠനത്തിനിടയിലും യോഗയിൽ മാസ്റ്റർമാരാണ് ഈ കുട്ടികൾ. അസാമാന്യമായ മെയ്‌വഴക്കത്തിലൂടെ അവർ ആരെയും അത്ഭുതപ്പെടുത്തുകയാണ്. തിരുവല്ല ബിലീവേഴ്‌സ് റസിഡന്റ്‌സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ജെയ്ഡൻ ജേക്കബും സഹോദരി യു.കെ.ജി വിദ്യാർത്ഥിയായ ജെയ്‌റ റേച്ചലുമാണ് യോഗയിലെ താരങ്ങൾ. പ്രാണായാമവും പത്മാസനവും മയൂരാസനവുമൊക്കെ ഇവർക്ക് നിസാരം. . തിരുവല്ല രാമഞ്ചിറയിലെ പൈതൃക് സ്‌കൂൾ ഒഫ് യോഗയിൽ ഒരു വർഷത്തിലേറെയായി ഇവർ യോഗ പരിശീലിക്കുന്നുണ്ട്.
യോഗാ പരിശീലനത്തിലൂടെ ശാരീരിക ക്ഷമതയ്‌ക്കപ്പുറം കുട്ടികൾക്ക് വൈകാരിക നിയന്ത്രണം, മെച്ചപ്പെട്ട ഏകാഗ്രത, സാമൂഹിക കഴിവുകൾ, സമ്മർദ്ദം കുറയ്ക്കൽ എന്നീ ഗുണങ്ങൾ ലഭിക്കുമെന്ന് യോഗാചാര്യൻ എൻ. സുധീഷ് കുമാർ പറയുന്നു. ലഹരിക്ക് കീഴ്പ്പെടാത്ത മനസാന്നിദ്ധ്യവും ഉറപ്പാക്കാം. ഇക്കാര്യങ്ങളൊക്കെ രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
മുത്തശി ബീന ജേക്കബിനൊപ്പം യോഗ പരിശീലിക്കുന്നത് കാണാൻ പോയതോടെയാണ് തങ്ങൾക്കും പഠിക്കണമെന്ന് കുട്ടികൾക്ക് ആഗ്രഹമുണ്ടായത്. മുത്തൂർ തുണ്ടിപ്പറമ്പിൽ ലോജിസ്റ്റിക്‌സ് ചെയ്യുന്ന സാനു നൈനാൻ ജേക്കബിന്റെയും നേഴ്‌സ് സൂസൻ പി.രാജുവിന്റെയും മക്കളാണ്
യോഗയുടെ ലയമറിഞ്ഞ്
ലയ ലക്ഷ്മി
മണ്ണാറശാല യു.പി.എസിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ലയ ലക്ഷ്മി രണ്ടു വർഷത്തോളമായി യോഗ പരിശീലിക്കുന്നു. യോഗയും കളരിയും കരാട്ടെയുമൊക്കെ പഠിച്ച് ജേതാവായ ജ്യേഷ്ഠൻ അക്ഷയ് സുവിനാണ് യോഗ പഠിക്കാൻ ലയ ലക്ഷ്മിക്ക് പ്രേരകമായത്. പിതാവ് ആറന്മുള എൻജിനിയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുവിൻ സുന്ദറും ഇപ്പോൾ യോഗ പഠിക്കുന്നുണ്ട്. അമ്മ ഹരിതരശ്മി .ആർ പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ സ്‌കൂളിലെ ഹയർസെക്കൻഡറി അദ്ധ്യാപികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |