ന്യൂഡൽഹി : കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന് നിയമോപദേശം നൽകിയതിന്റെ പേരിൽ സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ പ്രതാപ് വേണുഗോപാലിന് ഇ.ഡി സമൻസ് അയച്ചത് വിവാദമായി. അഭിഭാഷക സമൂഹത്തിൽ നിന്ന് പ്രതിഷേധമുയർന്നതിന് പിന്നാലെ മുതിർന്ന അഭിഭാഷകനെതിരെയുള്ള സമൻസ് അടിയന്തര സ്വഭാവത്തോടെ ഇ.ഡി പിൻവലിച്ചു. അഭിഭാഷകർക്ക് സമൻസ് അയക്കരുതെന്നും, അഥവാ അയക്കണമെന്നുണ്ടെങ്കിൽ അന്വേഷണസംഘം ഇ.ഡി ഡയറക്‌ടറുടെ മുൻകൂർ അനുമതി വാങ്ങണമെന്നും സർക്കുലർ പുറപ്പെടുവിച്ചു. അതേസമയം, അന്വേഷണം നേരിടുന്ന കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുടെ സ്വതന്ത്ര ഡയറക്‌ടർ എന്ന നിലയിലാണ് പ്രതാപ് വേണുഗോപാലിന് സമൻസ് അയച്ചതെന്ന് ഇ.ഡി പിന്നീട് വാർത്താക്കുറിപ്പിറക്കി. എന്നാലിത് പുതിയ വാദമാണെന്ന് അഡ്വ. പ്രതാപ് വേണുഗോപാൽ അറിയിച്ചു. നിയമോപദേശത്തിന്റെയും അതിനു ലഭിച്ച ഫീസിന്റെയും വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. സ്വതന്ത്ര ഡയറക്‌ടർ എന്ന പദവി നേരത്തെ രാജിവച്ചിരുന്നുവെന്നും അഭിഭാഷകൻ വിശദീകരിച്ചു. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കാഡ് അസോസിയേഷൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. അപകടകരമായ പ്രവണതയെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് കത്തു നൽകി. അഭിഭാഷകവൃത്തിക്ക് നേരെയുള്ള ഗുരുതര കടന്നുകയറ്റമെന്ന് സംഘടനാ പ്രസിഡന്റ് അഡ്വ. വിപിൻ നായർ, ട്രഷറർ അഡ്വ. അൽജോ കെ. ജോസഫ് തുടങ്ങിയവർ തയ്യാറാക്കിയ കത്തിൽ വ്യക്തമാക്കി. കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിക്ക് നിയമോപദേശം നൽകിയതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറിനും ഇ.ഡി നേരത്തെ സമൻസ് അയച്ചിരുന്നു. വിവാദമായതോടെ പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |