കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര വാളകം പൊലിക്കോട്ട് കാറിൽ പിക്കപ്പ് വാൻ ഇടിച്ച് എസ്.ഐയ്ക്ക് ദാരുണാന്ത്യം. അടൂർ കെ.എ.പി 3ലെ എസ്.ഐ കടയ്ക്കൽ ഇട്ടിവ ചരിപ്പറമ്പ് കവിതാസദനത്തിൽ എം.ആർ. സാബുവാണ് (51) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം.
അടൂരിൽ നിന്ന് തിരുവനന്തപുരം റോഡിൽ വരവേ എതിർദിശയിൽ നിന്നു വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ സമീപത്തെ സ്കൂട്ടറിലും ഇടിച്ചു. കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവർ കാർ വെട്ടിപ്പൊളിച്ചാണ് സാബുവിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ദിവ്യ (അദ്ധ്യാപിക, എസ്.വി എൽ.പി സ്കൂൾ, തൊളിക്കുഴി). മക്കൾ: രാംകുമാർ.എസ്.സാബു, ലക്ഷ്മൺ.എസ്.സാബു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |