ഇസ്ലാമാബാദ്: നിവൃത്തിയില്ലാതെ വന്നു. ആക്രമണം നിറുത്താൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. തുടർന്നാണ് വെടിനിറുത്തൽ സാദ്ധ്യമായതെന്ന് തുറന്നുസമ്മതിച്ച് പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസും ഷോർകോട്ട് എയർബേസും ആക്രമിക്കപ്പെട്ടു. മറ്റ് വഴിയില്ലാതെ വെടിനിറുത്തലിന് സമീപിക്കുകയായിരുന്നെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ ടെലിവിഷൻ അഭിമുഖത്തിനിടെ പറഞ്ഞു.
ഇന്ത്യയെ സമീപിക്കാൻ സൗദി അറേബ്യ സഹായിച്ചെന്നും വിദേശകാര്യ മന്ത്രികൂടിയായ ദർ വ്യക്തമാക്കി. പാകിസ്ഥാന്റെ അഭ്യർത്ഥന പരിഗണിച്ച് സൈനികതലത്തിൽ ഇന്ത്യ ചർച്ചയ്ക്ക് വഴിയൊരുക്കിയതാണ് വെടിനിറുത്തലിലേക്ക് നയിച്ചതെന്ന് തുറന്നുകാട്ടുന്നതാണ് ദറിന്റെ വെളിപ്പെടുത്തൽ. ഇരുരാജ്യങ്ങളും തമ്മിൽ ഡി.ജി.എം.ഒ തലത്തിൽ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിറുത്തലുണ്ടായിരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
താൻ ഇടപെട്ടാണ് വെടിനിറുത്തൽ സാദ്ധ്യമായതെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളുന്നതാണ് ദറിന്റെ പ്രസ്താവന. നൂർ ഖാൻ അടക്കം സൈനിക കേന്ദ്രങ്ങൾക്ക് ഇന്ത്യൻ മിസൈൽ ആക്രമണത്തിൽ നാശം സംഭവിച്ചെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും നേരത്തെ സമ്മതിച്ചിരുന്നു.
# മുനീറിന്റെ വാദം
പൊളിഞ്ഞു
ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ആണവ യുദ്ധം ട്രംപ് ഇടപെട്ട് ഒഴിവാക്കിയെന്നും അദ്ദേഹത്തിന് നോബൽ സമ്മാനം നൽകണമെന്നും പാക് സൈനിക മേധാവി അസീം മുനീർ അവകാശപ്പെട്ടിരുന്നു. പുകഴ്ത്തലിന് പിന്നാലെയാണ് ട്രംപിന്റെ ക്ഷണപ്രകാരം മുനീർ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തിയതും വിരുന്നിൽ പങ്കെടുത്തതും.
# ദറിന്റെ വെളിപ്പെടുത്തൽ
മേയ് 7ന് പുലർച്ചെ നൂർ ഖാൻ, ഷോർകോട്ട് എയർബേസുകൾ ആക്രമിക്കപ്പെട്ടു
45 മിനിറ്റിനുള്ളിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് തന്നെ വിളിച്ചു
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമായി താൻ സംസാരിച്ചത് അറിഞ്ഞിട്ടാണ് വിളിച്ചത്
ആക്രമണം നിറുത്താനായി തനിക്ക് വേണ്ടി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിക്കാമെന്ന് ഫൈസൽ പറഞ്ഞു.
ആക്രമണം നിറുത്താനും ചർച്ചയ്ക്കുമുള്ള പാക് സന്നദ്ധത ജയശങ്കറിനെ അറിയിച്ചെന്ന് കുറച്ചു സമയത്തിന് ശേഷം ഫൈസൽ തന്നോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |