ബീജിംഗ്: പിരമിഡ് പോലെ ഉയർന്ന് നിൽക്കുന്ന പത്ത് നില വീട്. പക്ഷേ കാറ്റ് ഒന്ന് ആഞ്ഞുവീശിയാൽ നിലംപൊത്താം. വീട് തകർന്നുവീണാലും മറ്റെവിടേക്കും പോകില്ല എന്ന വാശിയിലാണ് വീട്ടുടമയായ ചെൻ ടിയാൻമിംഗ്. ചൈനയിലെ ഗ്വിഷൂ പ്രവിശ്യയിലെ ഒരു ചെറുഗ്രാമത്തിലാണ് ചെന്നിന്റെ താമസം. ആഡംബര റിസോർട്ട് പണിയാനായി 2018ൽ ഗ്രാമത്തിലെ വീടുകളെല്ലാം വൻകിട കമ്പനി വാങ്ങി പൊളിച്ചു നീക്കി. എന്നാൽ 42കാരനായ ചെൻ തന്റെ വീടിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. കല്ലും മണ്ണും പ്ലൈവുഡും ബീമുകളും കൊണ്ട് നിർമ്മിച്ച വീടിന്റെ മുകൾനിലകൾ കാറ്റടിക്കുമ്പോൾ ആടുമെന്നതിനാൽ കയറും കേബിളുകളും കൊണ്ട് നിലവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കോണിപ്പടികളും ബാൽക്കണികളും പുറത്തേക്ക് തള്ളി നിൽക്കുന്നു. കാഴ്ചയിൽ തന്നെ വിചിത്ര രൂപം. കമ്പനി ചെന്നിന് ഒഴിയാൻ നോട്ടീസുകൾ നൽകിയിരുന്നെങ്കിലും അത് വകവയ്ക്കാതിരുന്ന ചെൻ ഓരോ നിലകൾ പടുതുയർത്തുകയായിരുന്നു. ചെന്നിന്റെ വാശി കാരണം റിസോർട്ട് പദ്ധതി തുടങ്ങിയതുമില്ല. അതേ സമയം, ചെന്നിന്റെ വീടിന് മതിയായ പെർമിറ്റ് ഇല്ല. വീട് സുരക്ഷിതമല്ലെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും ഉപേക്ഷിക്കില്ലെന്നാണ് ചെന്നിന്റെ നിലപാട്. കോടതി നടപടികൾക്കായി പതിനായിരക്കണക്കിന് യെൻ ചെലവാക്കി. വാദം കേൾക്കലുകൾ ചെന്നിന് അനുകൂലമല്ലെങ്കിലും അപ്പീൽ നൽകുന്നത് തുടരുന്നു. 1980കളിൽ ചെന്നിന്റെ മുത്തച്ഛൻ പണികഴിപ്പിച്ച ഈ വീട് ഇപ്പോൾ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. രാത്രിയിൽ വിളക്കുകളാൽ അലങ്കാരിക്കപ്പെട്ട ചെന്നിന്റെ വീട് കാണാൻ നിരവധി പേർ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |