അബുദാബി: ഓഫർ ലെറ്റർ ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ച കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി യുവാവ്. ഇതോടെ യുവാവിന് 26 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് കോടതി ആവശ്യപ്പെട്ടു. അബുദാബിയിലെ പ്രമുഖ കമ്പനിയാണ് നിയമനടപടിയിൽ തിരിച്ചടി നേരിട്ടത്. ഓഫർ ലെറ്റർ നൽകിയ ശേഷം ജോലിയിലേക്ക് പ്രവേശിക്കാനുളള അനുമതി കമ്പനി നിഷേധിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു യുവാവ് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ യുവാവിന്റെ ജോലിയിലേക്ക് പ്രവേശിക്കേണ്ട ദിവസം കമ്പനി മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാരണം കൊണ്ട് ശമ്പളം ഇല്ലാതെ മുന്നോട്ട് പോയ പരാതിക്കാരൻ ഒടുവിൽ കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷം കോടതി, ജീവനക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.
2024 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള ശമ്പളമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടതെന്നാണ് ഒരു ഗൾഫ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. താനുമായി കമ്പനി കരാറിൽ ഒപ്പിട്ടിരുന്നുവെന്നും അത് പ്രകാരം മാസം 24,000 ദിർഹമായിരുന്നു ശമ്പളമെന്നും പരാതിക്കാരൻ വ്യക്തമാക്കി. ജോലിയിൽ പ്രവേശിക്കാതിരിക്കാനുളള കാരണം കമ്പനിയാണെന്നും തൊഴിൽ കരാറിൽ നിന്നും മറ്റ് രേഖകളിൽ നിന്നും ഇക്കാര്യങ്ങൾ വ്യക്തമാണെന്നും കോടതി അറിയിച്ചു.അതേസമയം, യുവാവ് ലീവെടുത്തത് പോയതാണെന്ന് കമ്പനി വാദിച്ചു. എന്നാൽ കോടതി ഇത് നിരസിക്കുകയും വാദത്തിന് യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |