മലപ്പുറം: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് ഇന്നലെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ആഴ്ച മലപ്പുറത്തേക്കുള്ള കെ എസ് ആർ ടി സി ബസിൽ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് നടപടി.
കെ എസ് ആർ ടി സി ബസിൽവച്ച് ലൈംഗികാതിക്രമം കാട്ടിയതിന് സവാദ് ഇതിനുമുമ്പും അറസ്റ്റിലായിട്ടുണ്ട്. 2023ൽ നെടുമ്പാശേരിയിൽവച്ചായിരുന്നു സംഭവം നടന്നത്. അന്ന് സവാദിനെതിരെ നടിയും മോഡലുമായ നന്ദിത ശങ്കര രംഗത്തെത്തിയിരുന്നു.
എന്നാൽ പിന്നീട് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. ജയിലിൽ നിന്ന് ഇറങ്ങിയ വേളയിൽ ഓൾ കേരള മെൻസ് അസോസിയേഷൻ സവാദിനെ മാലയിട്ട് സ്വീകരിച്ചിരുന്നു. മാത്രമല്ല നന്ദിതയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബറാക്രമണവും നേരിടേണ്ടി വന്നിരുന്നു.
വ്യാജ പരാതിയാണ് നന്ദിതയുടേതെന്നായിരുന്നു ഓൾ കേരള മെൻസ് അസോസിയേഷൻ പറഞ്ഞിരുന്നത്. ഹണി ട്രാപ്പായിരുന്നു നടിയുടെ ഉദ്ദേശമെന്നും ചിലർ ആരോപിച്ചിരുന്നു. എന്നാൽ ഇന്നലെ സമാനമായ കേസിൽ സവാദ് അറസ്റ്റിലായതിന് പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരിക്കുകയാണ് നന്ദിത. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'ഒടുവിൽ നീതി, അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും വ്യക്തിഹത്യയ്ക്കും ശേഷം'- എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയും നന്ദിത ശങ്കര പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |