മലപ്പുറം: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവ്വകാല റെക്കോഡിൽ. അവസരം മുതലെടുത്ത് വിപണി കീഴടക്കി വ്യാജന്റെ വിളയാട്ടം. കഴിഞ്ഞ വർഷം ജൂലായ്-ഓഗസ്റ്റ് മാസത്തിൽ തേങ്ങക്ക് 30 രൂപയും വെളിച്ചെണ്ണക്ക് ലിറ്ററിന് 200 രൂപയുമായിരുന്നു വില. ഇപ്പോഴാകട്ടെ നാളികേര വില 80 രൂപയും വെളിച്ചെണ്ണ വില 400 രൂപയുമായി. ഇപ്പോൾ കേരളത്തിലാണ് ഏറ്റവും കൂടുതൽ വ്യാജൻ പിടിമുറുക്കിയിട്ടുള്ളത്. സർക്കാർ ബ്രാന്റായ കേരഫെഡിന്റെ വ്യാജപേരുപയോഗിച്ച് അമ്പതിലേറെ വ്യാജൻമാർ വിപണിയിലുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
കൊപ്രക്ക് ഇപ്പോൾ 200 രൂപയാണ് വില. ഈ വിലകൊടുത്ത് കൊപ്ര വാങ്ങി എണ്ണയാട്ടി പാക്ക് ചെയ്ത് വിപണിയിലെത്തിച്ചാൽ 390 രൂപയിൽ കുറച്ച് ഒരു ലിറ്റർ വിൽക്കാനാവില്ല എന്നു മില്ലുകാർ ആണയിടുന്നു. എന്നാൽ 250 മുതൽ 290 വരെയുള്ള വെളിച്ചെണ്ണയാണ് ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്നത്. ഇത് തീർത്തും വ്യാജമാണ്. ഈ വർഷം നാളികേരത്തിന്റെ ലഭ്യതയിൽ 40 ശതമാനത്തോളം കുറവുണ്ടായതാണ് കണക്ക്. ഈ കുറവ് പരിഹരിക്കുന്നതിനും വെളിച്ചെണ്ണ ഉറപ്പു വരുത്തുന്നതിനുമാണ് വ്യാജൻ രംഗത്ത് വന്നത്. വാസനയും നിറവും ലഭിക്കുന്നതിന് വെളിച്ചെണ്ണയിൽ പാം ഓയിൽ,സൺഫ്ളവർ ഓയിൽ എന്നിവ വ്യാപകമായി ചേർക്കപ്പെടുന്നുണ്ട്.
ആരോഗ്യത്തിന് ഹാനികരമായ പാംകേർണൽ ഓയിൽ,പാരഫീൻ ഓയിൽ എന്നിവയും വ്യാപകമായി ചേർക്കപ്പെടുന്നുണ്ട്. കേരഫെഡിന്റെ വെളിച്ചെണ്ണ മിക്ക കടകളിലും കിട്ടാനില്ല. മില്ലുകളിൽ നിന്ന് നേരിട്ടെടുക്കുന്ന വെളിച്ചെണ്ണക്ക് 420 രൂപയും ചിലയിടങ്ങളിൽ വിലയിടാക്കുന്നുണ്ട്. ശ്രീലങ്കയിൽ നിന്നാണ് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വ്യാപകമായി കേരള വിപണിയിലെത്തുന്നത്. നിശ്ചിത അളവിൽ മായം ചേർക്കുന്നതിനാൽ സാധാരണ നിലയിലുള്ള ഒരു പരിശോധനയിലും വ്യാജനെ തിരിച്ചറിയാൻ കഴിയില്ല. അടുത്ത നാലുമാസങ്ങൾക്കുള്ളിൽ തേങ്ങയുടെ വരവിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല എന്നു വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണക്ക് 500 രൂപയിലെത്തിയാലും അത്ഭുതമാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |