കൊച്ചി: ലെെംഗികാതിക്രമ കേസിൽ പിടിയിലായ സവാദിനെതിരെ വീണ്ടും രംഗത്തെത്തി മുൻപ് പീഡന പരാതി ഉന്നയിച്ച വനിതാ വ്ലോഗർ. നിയമം ശക്തമായിരുന്നെങ്കിൽ മറ്റൊരു ഇര കൂടി ഉണ്ടാകില്ലായിരുന്നുവെന്നും അന്ന് അനുഭവിച്ച മാനസിക ബുദ്ധിമുട്ട് വലിയതായിരുന്നുവെന്നും വ്ലോഗർ പറഞ്ഞു. 2023ൽ നെടുമ്പാശേരിയിൽ കെഎസ്ആർടിസി ബസിൽ വച്ചാണ് വ്ലോഗർക്കെതിരെ സവാദ് ലെെംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ സവാദ് അറസ്റ്റിലായിരുന്നു.
എന്നാൽ പിന്നീട് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. ജയിലിൽ നിന്ന് ഇറങ്ങിയ വേളയിൽ ഓൾ കേരള മെൻസ് അസോസിയേഷൻ സവാദിനെ മാലയിട്ട് സ്വീകരിച്ചിരുന്നു. മാത്രമല്ല വ്ലോഗർക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബറാക്രമണവും നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ആഴ്ച മലപ്പുറത്തേക്കുള്ള കെ എസ് ആർ ടി സി ബസിൽ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് ഇന്നലെ സവാദ് വീണ്ടും അറസ്റ്റിലായത്.
'വേറൊരു ഇര കൂടിയായില്ലേ? അവൻ ഇര, ഞാൻ പീഡിപ്പിച്ച ആൾ. അങ്ങനെയാണ് അന്ന് ചിത്രീകരിച്ചത്. ഞാൻ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ ഇന്നിങ്ങനെ നടക്കില്ലായിരുന്നു. നിയമം കൂടുതൽ ശക്തമായിരുന്നെങ്കിൽ സവാദിന് ഇങ്ങനെ ഇറങ്ങി നടക്കാൻ സാധിക്കില്ലായിരുന്നു. വേറെ ഇരകൾ ഉണ്ടാകില്ലായിരുന്നു. നിരവധി ഇരകൾ ഇനിയും ഉണ്ട്. കുറേയെറെ പേർ എനിക്ക് മെസേജുകൾ അയച്ചിരുന്നു. ഞാൻ പീഡനത്തിന് ഇരയായ വ്യക്തിയാണ്. ഞാൻ മുഖം മറച്ചുവയ്ക്കേണ്ട കാര്യമില്ല. സവാദ് ഇനി ഇറങ്ങരുത്. അന്ന് കുറെ കാര്യങ്ങൾ സംഭവിച്ചു. ഞാൻ മാനസിക സമ്മർദത്തിലായി. അന്ന് ഇൻസ്റ്റഗ്രാം തുറക്കാൻ തന്നെ പേടിയായിരുന്നു. 'സിബ്' എന്നുവരെ എന്റെ പേര് ആയി മാറി. അതുകഴിഞ്ഞിട്ടുള്ള കാര്യമാണ് മാനസികമായി ബുദ്ധിമുട്ടിച്ചത്. നീതി വെെകിയിരിക്കുന്നു. അന്ന് നീതി ലഭിച്ചിരുന്നെങ്കിൽ ഇന്ന് ഒരു പെൺകുട്ടി താൻ പീഡനത്തിന് ഇരയായല്ലോ എന്ന് ആലോചിച്ച് ഇരിക്കില്ലായിരുന്നു',- വ്ലോഗർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |