തിരുവനന്തപുരം: ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടുക്കാൻ 52 ചാര ഉപഗ്രഹങ്ങൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കും. എസ്.ബി.എസ്- 03 എന്ന പദ്ധതി ഐ.എസ്.ആർ.ഒയും സ്വകാര്യ സ്ഥാപനങ്ങളും ചേർന്നാണ് നടപ്പാക്കുന്നത്.
10 മുതൽ 500 കിലോഗ്രാം വരെ ഭാരമുള്ളതാവും ഉപഗ്രഹങ്ങൾ. ആറു വർഷം ആയുസും. ഇന്ത്യൻ ബഹിരാകാശ വാണിജ്യ സ്ഥാപനമായ ഇൻസ്‌പേസിനാണ് ചുമതല.
കാർട്ടോസാറ്റ്, എമിസാറ്റ്, മൈക്രോസാറ്റ്, ആർ.ഐ സാറ്റ് പരമ്പരകളിലുമായി നിലവിൽ ഇന്ത്യയ്ക്ക് 12 ചാര ഉപഗ്രഹങ്ങളുണ്ട്. രാജ്യത്തിനായി വിവിധോദ്ദേശ്യ നിരീക്ഷണമാണ് ഇവ നിർവഹിക്കുക. ഇതിൽ നിന്ന് വ്യത്യസ്തമായി അതിർത്തി നിരീക്ഷണം, ആർമി,നേവി,വ്യോമസേന എന്നിവയ്ക്ക് പ്രത്യേക ദൗത്യം, കോ ഓർഡിനേഷൻ എന്നിവ പുതിയ ഉപഗ്രഹങ്ങൾ നിർവഹിക്കും.
അഞ്ച് വർഷത്തിനുളളിൽ 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, പഹൽഗാം ഭീകരാക്രമണവും തുടർന്ന് പാകിസ്ഥാനുമായുണ്ടായ സംഘർഷത്തിന്റെയും സാഹചര്യത്തിൽ വിക്ഷേപണം 2028ന് മുമ്പായി പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിയുന്നത്ര ഉപഗ്രഹൾ അടുത്ത വർഷം ഡിസംബറിനു മുമ്പ് പ്രവർത്തന സജ്ജമാക്കാനാണ് കേന്ദ്ര നിർദ്ദേശം. തുടർന്നാണ് സ്വകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയത്.
വാർത്താവിതരണം, ഗതിനിർണ്ണയം, ഭൗമനിരീക്ഷണം, കാലാവസ്ഥ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് 127 ഉപഗ്രഹങ്ങളാണ് ഇന്ത്യ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളത്. 22 എണ്ണം താഴ്ന്ന ഭ്രമണപഥത്തിലും 29 ഉപഗ്രഹങ്ങൾ ഉയർന്നതിലുമായി പ്രവർത്തിക്കുന്നു.
ചെെനയ്ക്ക് 245
"ചാരന്മാർ"
ഇന്ത്യയുടെ അതിർത്തി: 7000 കിലോമീറ്റർ കടൽത്തീരം. ഭൂട്ടാൻ, ചെെന, ബംഗ്ളാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, നേപ്പാർ രാജ്യങ്ങളുമായി 15106 കിലോമീറ്റർ കര
ചാര ഉപഗ്രഹ ശൃംഖല വരുന്നതോടെ മൊത്തം അതിർത്തിയും ഇവയുടെ നിരീക്ഷണ വലയത്തിലാവും
ശ്രീലങ്കയും മാലദ്വീപും ഉൾപ്പെടെ 9 അതിർത്തി രാജ്യങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഇതിൽ പാകിസ്ഥാനും ചെെനയ്ക്കും ചാര ഉപഗ്രഹങ്ങളുണ്ട്
ചെെനയ്ക്ക് 245 ചാര ഉപഗ്രഹങ്ങൾ. ചെെനയുടെ സഹായത്തോടെ വിക്ഷേപിച്ച പി.ആർ.ഇ.എസ്-1,പി.എ.കെ.ടി.ഇ.എസ്-1എ എന്നിവയാണ് പാകിസ്ഥാന്റേത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |