തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിനും അതോടു ചേർന്നുള്ള ക്ഷേത്രത്തിനും അനുവദിച്ച ഭൂമിയുടെ പാട്ടത്തുകയിൽ ഇളവ് വരുത്താൻ തീരുമാനം. പാട്ടത്തുക പ്രതിവർഷം 1,27,000 രൂപയാക്കി പുനർനിശ്ചയിക്കാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇതോടെ 2020 മുതലുള്ള 20 കോടിയുടെ പാട്ടക്കുടിശിക 25 ലക്ഷത്തിൽ താഴെയായി കുറയും.
1950ലാണ് കോളേജിനും ദേവസ്വം ക്ഷേത്രത്തിനുമായി 31 ഏക്കർ സ്ഥലം 50 വർഷത്തേക്ക് സർക്കാർ പാട്ടത്തിന് അനുവദിച്ചത്. പ്രതിവർഷം 5,048 രൂപയായിരുന്നു പാട്ടനിരക്ക്. 2000ൽ ഇതിന്റെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നിലവിലെ നിരക്കിൽ ജില്ലാ കളക്ടർ പാട്ടത്തുക നിശ്ചയിച്ചു. ഇതാണ് 2024- 25 വരെ 20 കോടി കുടിശികയായത്. എന്നാൽ, സർക്കാർ നിർദ്ദേശത്തെ തുടർന്ന് കമ്പോള വിലയുടെ രണ്ടുശതമാനം നിരക്കിൽ പാട്ടക്കുടിശിക നിർണയിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ട പ്രകാരം 2025 മാർച്ച് 31 വരെയുള്ള കുടിശിക 9 കോടിയായി പുനർനിർണയിച്ചു.
ഈ തുക അടയ്ക്കാത്തതിനെത്തുടർന്ന് കുന്നത്തൂർ തഹസിൽദാർ ദേവസ്വം ബോർഡിനെതിരെ റവന്യു റിക്കവറി നടപടികൾ സ്വീകരിച്ച്, ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു. നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും കുടിശിക ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.
മന്ത്രിമാരായ വി.എൻ.വാസവൻ, കെ.എൻ.ബാലഗോപാൽ, റവന്യു വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ എന്നിവരും പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇളവ് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |