റിയോ ഡി ജനീറോ : ഇന്ന് ജൂൺ 22. ലോക മഴക്കാട് ദിനം. ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. ഇടതൂർന്ന മരങ്ങളും ലോകത്തെ ഏറ്റവും വലിയ പാമ്പായ അനാകോണ്ടയും കൊടുംകാടിനെ കീറിമുറിച്ച് ശാന്തമായി ഒഴുകുന്ന ഭീമൻ ആമസോൺ നദിയുമൊക്കെ നിറഞ്ഞതാണ് ആമസോൺ മഴക്കാടുകൾ. ഇന്നും മനുഷ്യർക്ക് പ്രവേശനമില്ലാത്ത, പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവർഗ്ഗക്കാർ മാത്രം ജീവിക്കുന്ന നിഗൂഡ മേഖലകളും ആമസോൺ മഴക്കാടുകൾക്കുള്ളിലുണ്ട്.
ആമസോൺ മഴക്കാടിന് ഭീമൻമാരായ ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയ ഛിന്നഗ്രഹ പതനവുമായി ബന്ധമുണ്ടത്രെ. ആമസോണിന്റെ ഉത്ഭവത്തിന് കാരണമായത് ഈ ഛിന്നഗ്രഹ പതനമാണെന്ന് കരുതുന്നുണ്ട്. ആയിരക്കണക്കിന് സസ്യങ്ങളുടെയും ഇലകളുടെയുമൊക്കെ ഫോസിൽ പഠനത്തിൽ നിന്നാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയത്. ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്. ഉഷ്ണമേഖലാ വനങ്ങളെയും ഇത് സ്വാധീനിച്ചു.
ഭൂമിയിലെ ഏറ്റവും വൈവിദ്ധ്യമാർന്ന ആവാസവ്യവസ്ഥയായ നിയോട്രോപ്പിക്കൽ റെയ്‌ൻ ഫോറസ്റ്റുകളുടെ ആവിർഭാവത്തിനും ഇത് കാരണമായതായി ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച ഛിന്നഗ്രഹ പതനം ഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥകൾക്ക് വിനാശകരമായെങ്കിലും ഉഷ്ണ മേഖല വനങ്ങളെ ഇതെങ്ങനെ ബാധിച്ചു എന്നതിൽ ഇന്നും വ്യക്തതയില്ല. ഫോസിൽ സസ്യജാലങ്ങളുടെ പര്യവേഷണത്തിന്റെ അഭാവമാണ് ഇതിന് കാരണം.
കൊളംബിയയിൽ നിന്ന് ശേഖരിച്ച ഫോസിൽ ഇലകൾ, പൂമ്പൊടി എന്നിവ ഉപയോഗിച്ചാണ് തെക്കേ അമേരിക്കൻ ഉഷ്ണമേഖലാ മഴക്കാടുകൾക്കുണ്ടായ മാറ്റങ്ങളെ പറ്റി ഗവേഷകർ വിവരങ്ങൾ കണ്ടെത്തിയത്. വനത്തിന്റെയും സ്പീഷീസുകളുടെയും ഘടനയിൽ വലിയ മാറ്റമുണ്ടായെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
തുറന്ന മേലാപ്പോടു കൂടിയ അന്തരീക്ഷമായിരുന്നു ക്രിറ്റേഷ്യസ് യുഗത്തിലെ മഴക്കാടുകളുടെ സവിശേഷതകളിലൊന്ന്. മരങ്ങൾ തമ്മിൽ അകലം കൂടുതലായിരുന്നതിനാൽ മുകളിൽ നിന്ന് സൂര്യപ്രകാശം അകത്തുകടന്നിരുന്നു.
എന്നാൽ ഛിന്നഗ്രഹ പതനത്തിന് പിന്നാലെ ഇവിടുത്തെ സസ്യ വൈവിദ്ധ്യം 45 ശതമാനം കുറയുകയും തുടർന്ന് വിത്ത് വഹിക്കുന്ന സസ്യങ്ങൾക്കുൾപ്പെടെ വംശനാശം സംഭവിക്കുകയും ചെയ്തു. പിന്നീട് ആറ് ദശലക്ഷം വർഷം കൊണ്ട് പുനരുജ്ജീവിച്ച മഴക്കാടുകളിൽ പൂച്ചെടികളും മറ്റും ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
ഈ മാറ്റം ഇന്നത്തെ ആമസോൺ മഴക്കാടുകളിലെയും മറ്റും പോലെ സൂര്യപ്രകാശം കടക്കാത്ത അടഞ്ഞ മേലാപ്പോടു കൂടിയ ഘടനയ്ക്കും സസ്യ ജൈവ വൈവിദ്ധ്യത്തിന്റെ ആവിർഭാവത്തിനും കാരണമായതായി പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |