കാസർകോട്: വ്യവസായ പ്രമുഖനും തെരുവത്ത് ഫൗണ്ടേഷൻ ചെയർമാനും കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടർ ബോർഡ് അംഗവുമായ ഖാദർ തെരുവത്ത് ആത്മകഥ എഴുതാനില്ല. അപ്രിയ സത്യങ്ങൾ പറയാനാകില്ലെന്നതു കൊണ്ടാണ് ആത്മകഥ എഴുതുന്നതിൽ നിന്നുള്ള ഖാദറിന്റെ പിന്മാറ്റം.
സത്യം പറയുമ്പോൾ വ്യവസായിക, രാഷ്ട്രീയ, ഭരണ രംഗത്തെ പലർക്കും പൊള്ളിയേക്കാം. അതിനാൽ ആത്മകഥ വേണ്ടെന്നാണ് സംഭവബഹുലമായ ജീവിതത്തിൽ 80 തികഞ്ഞ ഈ പ്രവാസി വ്യവസായിയുടെ നിലപാട്. 'എനിക്ക് നുണ പറയാൻ അറിയില്ല, സത്യം പറഞ്ഞാൽ പലരുടെയും വിദ്വേഷം സമ്പാദിക്കേണ്ടിവരും. എന്തിനാണ് വെറുതെ വിദ്വേഷം ഉണ്ടാക്കുന്നത്. സ്‌നേഹം കൊടുത്ത് സ്‌നേഹം തിരിച്ചുവാങ്ങലാണ് എന്റെ ശൈലി' ഖാദർ തെരുവത്ത് 'കേരള കൗമുദി'യോട് പറഞ്ഞു.
വെല്ലുവിളികളെ അതിജീവിച്ച് പ്രവാസ ലോകത്തിൽ കോടികളുടെ വ്യവസായ സാമ്രാജ്യത്തിന് ഉടമയായി വളർന്ന് ലോകത്തിലെ ഭൂരിഭാഗം ഭരണാധികാരികളുടെയും സൗഹൃദവലയത്തിൽ ഉൾപ്പെട്ട ഖാദർ തെരുവത്തിന് എഴുതാൻ ഉദ്ദേശിച്ചാൽ കുറെയേറെ ഉണ്ടാകുമെന്നും ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
'എനിക്ക് പ്രത്യേകമായ രാഷ്ട്രീയമൊന്നും ഇല്ല. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ലീഗ് വ്യത്യാസമില്ലാതെ എല്ലാവരുമായും നല്ല സൗഹൃദമുണ്ട്. ഒരു ഫോൺ കോളിന് അപ്പുറത്ത് രാഷ്ട്രീയ നേതാക്കളുടെ സൗഹൃദമുണ്ട്. ഞാൻ വിളിച്ചാൽ എല്ലാവരും വരും. സ്‌നേഹം മാത്രമാണ് അങ്ങോട്ട് നൽകുന്നത്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രിമാരുമായും ഇടപഴകാൻ അവസരം ഉണ്ടായിട്ടുണ്ട്..' അദ്ദേഹം പറയുന്നു.
രാഷ്ട്രീയത്തിൽ ഉറ്റചങ്ങാതി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയുമായി സൈക്കിൾ സഞ്ചാരം നടത്തുന്ന ചിത്രം വീട്ടിൽ വെച്ചിട്ടുണ്ട്. പാണക്കാട് കൊടപ്പനക്കൽ തറവാടിന്റെ സ്‌നേഹം ജീവിതത്തിലുടനീളം സ്വന്തമാക്കാൻ ആയത് ജന്മസുകൃതമെന്നും വിശ്വസിക്കുന്നു. 2016ൽ കണ്ണൂർ വിമാനത്താവളം ഡയറക്ടർ ബോർഡ് മെമ്പർ ആയി ഉൾപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബോർഡ് മീറ്റിംഗിൽ സ്ഥിരമായി മുഖ്യമന്ത്രിയെ കാണുകയും സൗഹൃദം പുതുക്കാറുമുണ്ട്. 45 വർഷമായി സുഖ-ദുഃഖങ്ങളിൽ ചേർത്ത് നിർത്തിയ പിന്തുണയാണ് എം.എ യൂസഫലിയുടെയും ഗൾഫാർ മുഹമ്മദാലിയുടെയും. സിനിമാതാരം മമ്മൂട്ടിയുമായുള്ള ബന്ധവും സിനിമ എടുത്തതും ഗായകൻ യേശുദാസുമായും ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കറുമായുള്ള ബന്ധവും ഇദ്ദേഹം തുറന്നുപറയുന്നു. ലോകത്തിൽ ഇദ്ദേഹം യാത്ര ചെയ്യാത്ത രാജ്യങ്ങളില്ല.
'കേരള കൗമുദി' യുമായി നല്ല ബന്ധം
കേരളത്തിൽ ഏറ്റവും കൂടുതൽ പാരമ്പര്യമുള്ള പത്രമാണ് കേരള കൗമുദിയുടേതെന്ന് ഖാദർ തെരുവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് ഏറെക്കാലം ഉണ്ടായപ്പോൾ കേരള കൗമുദിയുമായി ബന്ധപ്പെട്ടിരുന്നു. കൗമുദിയിൽ അക്കാലത്ത് ഉണ്ടായ എല്ലാവരെയും അറിയാം. സത്യസന്ധമായ വീക്ഷണമുള്ള നല്ല പത്രമാണെന്നും സംഭാഷണങ്ങൾക്കിടെ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |