കോട്ടയം: കിലോയ്ക്ക് 190ലേക്ക് വീണ ആർ.എസ്.എസ്.എസ് ഫോർ റബർ വില വീണ്ടും 200 തൊട്ടു. മഴ ശക്തമായതോടെ ഉത്പാദനം കുറഞ്ഞു. ഷീറ്റിനും ലാറ്റക്സിനും ക്ഷാമം നേരിടുന്നുണ്ട്. ലാറ്റക്സ് വിലയും ഉയർന്നു നിൽക്കുകയാണ്. റബർബോർഡ് നിശ്ചയിച്ച 200ലും താഴെയാണ് ടയർ കമ്പനികൾ വാങ്ങുന്നത്. വിപണിയിൽ നിന്നു വിട്ടു നിന്ന് ഡിമാൻഡ് ഇല്ലാതാക്കുകയാണ് വില കുറയ്ക്കാൻ കമ്പനികൾ സ്വീകരിക്കുന്ന അടവ്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉത്പാദനം വർദ്ധിച്ചതോടെ കുറഞ്ഞ വിലക്ക് ഷീറ്റ് ലഭ്യമാകുകയും കമ്പനികൾ കൂട്ടത്തോടെ അങ്ങോട്ട് പോയതുമാണ് കേരളത്തിന് തിരിച്ചടിയായത്. ഉത്പാദന ചെലവ് കുറവായതിനാൽ പല കമ്പനികളും കൃഷിക്കായി അവിടെ വൻ മുതൽ മുടക്ക് നടത്തിയിട്ടുമുണ്ട്. കേന്ദ്ര സർക്കാരും കമ്പനികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതും. വില ഉയരുമെന്നു പ്രതീക്ഷിച്ചു മഴ മറയിട്ട സാധാരണ കർഷകർക്ക് ചെലവ് കാശ് കിട്ടാത്ത സാഹചര്യമാണിപ്പോൾ.
അന്താരാഷ്ട്ര വില തകർച്ചയുടെ കാരണങ്ങൾ
അമേരിക്കയുടെ ചുങ്കപ്പോര്.
ഇറാൻ ഇസ്രയേൽ സംഘർഷം
ഇന്തോനേഷ്യ തായ്ലാൻഡ് എന്നിവിടങ്ങളിലെ ഉത്പാദന കുറവ്
ചെന റബർ വാങ്ങുന്നതിൽ കാണിക്കുന്ന താത്പര്യ കുറവ്
വില ഇടിഞ്ഞ് കുരുമുളക്
ഇറക്കുമതി ലോബിയും അന്തർ സംസ്ഥാന കച്ചവടക്കാരും ഒത്തു കളിച്ചതോടെ കുരുമുളക് വില വീണ്ടും ഇടിഞ്ഞു. ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്ത കുരുമുളക് സ്റ്റോക്കുള്ളതിനാൽ വിറ്റഴിക്കാൻ വ്യാപാരികൾ കാട്ടിയ താത്പര്യമാണ് ഹൈറേഞ്ച് കുരുമുളകിന്റെ വില ഇടിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിറ്റഴിക്കുന്നത് ശ്രീലങ്കൻ കുരുമുളകാണ്. സത്തു കമ്പനികളും ഇതിനോടാണ് കൂടുതൽ താത്പര്യം കാട്ടുന്നതും. വില ഇടിഞ്ഞതോടെ കർഷകരും ചരക്ക് പിടിച്ചു വെച്ചിരിക്കുകയാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളകിന് ക്വിന്റലിന് 800 രൂപ കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |