മിമിക്രി കലാകാരനും ചലച്ചിത്ര സംവിധായകനുമായ നാദിർഷായുടെ വളർത്തുപൂച്ച ചത്തത് ഈയിടെ വാർത്തയായിരുന്നു. തങ്ങൾ ഓമനിച്ച് വളർത്തിയ പൂച്ചയുടെ മരണത്തിൽ നാദിർഷായും കുടുംബവും ഇപ്പോഴും ദു:ഖിതരാണ്. പട്ടിയും പൂച്ചയും പക്ഷികളുമായി ഇന്ന് നമുക്ക് ഓമനകൾ പലതുണ്ട്. പക്ഷേ പഴയ കാലത്ത് വീടുകളിലെ ഓമനകൾ പശുക്കളും കോഴികളും ആടുകളുമൊക്കെയായിരുന്നു. ഓമനിക്കാൻ വേണ്ടി മാത്രമല്ലായിരുന്നു അവയെ വളർത്തിയത്. അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
എന്റെ മകൾ കഴിഞ്ഞിടെ സ്കൂളിൽ നിന്ന് പഠനയാത്ര നടത്തിയത് മല്ലപ്പള്ളി എഴുമറ്രൂരിലെ പശുഫാമിലേക്കാണ്. പശു ഇന്ന് കുട്ടികൾക്ക് കൗതുകമാണ്. പാൽ കുടിക്കുന്നുണ്ടെങ്കിലും അവരിൽ പലർക്കും പശുവിനെ അറിയില്ല. " ഞാൻ അവിടെ നിന്ന് തൈര് കുടിച്ചു "- മകൾ പറഞ്ഞു. - " കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന തൈരുപോലയല്ല. നല്ല രുചിയുണ്ടായിരുന്നു."
പുതിയ കുട്ടികൾക്ക് ലഭിക്കാത്ത പല രുചികളും നമുക്ക് തന്നത് അക്കാലത്ത് വീട്ടിൽ വളർത്തിയ മൃഗങ്ങളായിരുന്നു. മിക്കവാറും എല്ലാവീടുകളിലും പശുക്കളുണ്ടായിരുന്നു. പശുവിന് കൊടുക്കാൻ പുല്ലുപറിച്ചിട്ടുള്ള, പശുവിന് കാടിവെള്ളം കൊടുത്തിട്ടുള്ള, പശുവിനെ കുളിപ്പിച്ചിട്ടുള്ളവരായിരുന്നു പഴയ കുട്ടികൾ.
മനുഷ്യനെപ്പോലെ എല്ലാജീവികൾക്കും ഈ പ്രപഞ്ചത്തിൽ അവകാശമുണ്ടെന്നും എല്ലാജീവികളെയും സ്നേഹിക്കണമെന്നുമുള്ള പാഠം നമ്മൾ പഠിച്ചത് അങ്ങനെയാണ്. മിക്ക വീടുകളിലും പശുത്തൊഴുത്തുണ്ടായിരുന്നു. പുതിയ കുട്ടികൾക്ക് പശുവിൻ പാൽ കിട്ടുന്നത് അകിടിൽ നിന്നല്ല. കവറിൽ നിന്നാണ്. നമ്മൾ കണ്ട പല കാഴ്ചകളും അവർക്ക് അന്യമാണ്. നെൽകൃഷി കാണാൻ അവർക്ക് ദൂരേക്ക് പോകണം. ആഹാരമാക്കുന്ന അരി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അവർക്കറിയില്ല. ദുർവാസാവ് മഹർഷി രാക്ഷസനെ ശപിച്ച് ചാരമാക്കിയ കഥ ഞാൻ മകളോട് പറഞ്ഞു. മകൾ ചോദിച്ചു- "ചാരമോ അതെന്താണ് ? വെടിവയ്ക്കുമ്പോൾ ഗ്യാസിലൂടെ കത്തുന്ന അടുപ്പുമാത്രം കണ്ടിട്ടുള്ള അവർക്ക് എന്ത് ചാരം.
"" നാടൻ കോഴിയോ. അതെന്താണ്. "- മകൾ ചോദിക്കുന്നു. ഇറച്ചിക്കോഴികളെ മാത്രം കണ്ടുവളരുന്നവളാണ് അവൾ. പണ്ട് എല്ലാ വീടുകളിലും കോഴികൾ ഉണ്ടായിരുന്നു. അവയ്ക്ക് പാർക്കാൻ കോഴിക്കൂടുണ്ടായിരുന്നു. ഇപ്പോൾ കോഴിയും കോഴിക്കൂടുമില്ല. അരിവിതറി വിളിക്കുമ്പോൾ കോഴികൾ ഓടിവരാറില്ല. സന്ധ്യയ്ക്ക് കോഴിക്കൂട് അടയ്ക്കാൻ അമ്മയ്ക്ക് ഓർക്കേണ്ടതില്ല. കോഴിയിടുന്ന മുട്ടകൾ അരിപ്പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കേണ്ടതില്ല. നമ്മുടെ പഴയ സഹജീവികൾ വീടുകളിൽ നിന്ന് അപ്രത്യക്ഷരാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |