ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും വിവാഹനിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 66 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15ന് എം.സി റോഡിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായ പരിക്കില്ലാത്തവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും കല്ലിശ്ശേരിയിലും മാന്നാറുമുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അടൂർ പള്ളിക്കൽ ആനയടിയിൽ നിന്ന് മണിമല പത്തനാട്ടേക്ക് പുറപ്പെട്ടതായിരുന്നു വിവാഹ നിശ്ചയ സംഘം. അടിമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു സിഫ്റ്റ് ബസ്. അപകടം നടന്ന ഉടനെ സമീപവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
മന്ത്രി സജി ചെറിയാൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ്, നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി ബസ് മുൻപിൽ ഉണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് രണ്ടുമണിക്കൂറോളം എം.സി റോഡിൽ ഗതാഗതം മുടങ്ങി. അപകടത്തിൽപ്പട്ട വാഹനങ്ങൾ സമീപത്തേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |