തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള വിവാദം വിദ്യാർത്ഥി, യുവജന വിഭാഗങ്ങൾ ഏറ്റുപിടിച്ചതോടെ സംസ്ഥാനത്തെമ്പാടും സംഘർഷ സ്ഥിതി. ഗവർണറെ എതിർത്ത് സി.പി.എമ്മിന്റെയും, മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പിയുടെയും യുവജന, വിദ്യാർത്ഥി സംഘടനകളാണ് തെരുവിലിറങ്ങിയത്..
ഇന്നലെ വൈകിട്ട് തിരുമലയിൽ മന്ത്രി ശിവൻകുട്ടിക്കു നേർക്ക് എ.ബി.വി.പി പ്രവർത്തകർ കരിങ്കൊടി കാട്ടി . സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മന്ത്രി ശിവൻകുട്ടിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.എ.ബി.വി.പി സംസ്ഥാന സെക്രട്ടറിയെ ശനിയാഴ്ച രാത്രി തമ്പാനൂരിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് എ.ബി.വി.പി
വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ശനിയാഴ്ച മന്ത്രി ശിവൻകുട്ടിക്കെതിരെ കോഴിക്കോട്ട് കരിങ്കൊടി കാട്ടിയ എ.ബി.വി.പി പ്രവർത്തകരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐക്കാർ തെരുവിൽ നേരിട്ടത് വലിയ ഏറ്റുമുട്ടലിലാണ് കലാശിച്ചത്. വെള്ളിയാഴ്ച രാജ്ഭവന് മുന്നിൽ എസ്.എഫ്.ഐക്കാർ പ്രതിഷേധവുമായി എത്തിയിരുന്നു. മന്ത്രി ശിവൻകുട്ടിക്കെതിരെ ഇന്നലെ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രൂക്ഷമായ ഭാഷയിലാണ് വിമർശനമുയർത്തിയത്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും ശിവൻകുട്ടി പഴയ സി.ഐ.ടി.യു ഗുണ്ടയല്ല, വിദ്യാഭ്യാസ മന്ത്രിയാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
ഭാരതാംബ ചിത്രത്തിന്റെ പേരിൽ പരിസ്ഥിതി ദിനത്തിൽ മന്ത്രി പി.പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചതോടെയാണ് വിവാദം തുടങ്ങിയത്. പിന്നാലെയാണ് മന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പുരസ്കാർ ദാന ചടങ്ങ് ബഹിഷ്കരിച്ചത്.മന്ത്രി പ്രസാദിന്റെ നടപടിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ശിവൻകുട്ടിയുടെ ബഹിഷ്കരണം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ശരി വച്ചതോടെയാണ് ഭാരതാംബ വിവാദത്തിന് കൂടുതൽ രാഷ്ട്രീയ നിറം കൈ വന്നത്.
അന്താരാഷ്ട്ര യോഗ ദിനത്തിൽ മാളയിൽ എൻ.എസ്.എസ് കരയോഗം പരിപാടിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച കരയോഗാംഗത്തെ ഭാരവാഹികൾ തടയുകയും പരിപാടിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന പ്രവർത്തകരെ അടിച്ചമർത്താനാണു ഭാവമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിവുള്ള പ്രസ്ഥാനമാണെന്നു സിപിഎം ഓർക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മുന്നറിയിപ്പ്.
ദേശീയ പതാകയിലെ
ത്രിവർണനിറം മാറ്റാനാവില്ല :
സണ്ണി ജോസഫ്
കോഴിക്കോട്: ദേശീയപതാക ജനങ്ങളുടെ ഹൃദയത്തിൽ കലർന്നതാണെന്നും അതിലെ ത്രിവർണ നിറം രാജ്യത്തിന്റെ നിറമാണെന്നും ആർക്കുമത് മാറ്റാൻ സാധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
മുൻ ഗവർണറെ താലോലിക്കാനും ഇപ്പോഴത്തെ ഗവർണർക്ക് ചുവന്ന പരവതാനി വിരിക്കാനും പോയവരാണ് തിരുത്താൻ നിർബന്ധിതമായത്. ഇപ്പോൾ തെരുവിൽ നടക്കുന്നത് നാടകമാകരുത്. മുൻ ഗവർണർക്കെതിരെ യു.ഡി.എഫ് നിയമസഭയിൽ പ്രതികരിച്ചപ്പോൾ ഗവർണറെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെ സ്വീകരിച്ചത്. ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന നിലപാട് കോൺഗ്രസ് വ്യക്തമാക്കിയതാണ്..
കണ്ണൂർ കായലോട് ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ എല്ലാ പ്രതികളെയും പൊലീസ് നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുടുംബത്തിന്റെ പരാതിക്ക് പരിഹാരമുണ്ടാക്കണം. സംഘടനകൾ അണികളെ നല്ലതിനു വേണ്ടി നിലകൊള്ളാൻ പരിശീലിപ്പിക്കണം. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |