ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). വിമാനത്തിന്റെ സുരക്ഷാ പരിശോധന, ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂളിംഗ് തുടങ്ങിയവ കൃത്യമായി നടത്തിയിട്ടുണ്ടോയെന്ന് മനസിലാക്കാൻ 2024 മുതലുള്ള ഓഡിറ്റ് - ഇൻസ്‌പെക്ഷൻ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നൽകി.
പരിശോധനയിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴയിൽ ഒതുക്കില്ലെന്ന മുന്നറിയിപ്പ് എയർ ഇന്ത്യയ്‌ക്ക് നൽകി. ലൈസൻസ് സസ്‌പെൻഷൻ തുടങ്ങിയ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡ്യൂട്ടി ഷെഡിംഗിളിൽ വീഴ്ച വരുത്തിയ മുൻ സീനിയർ ഉദ്യോഗസ്ഥരെ ഡി.ജി.സി.എ നിർദ്ദേശ പ്രകാരം നീക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു.
രാജ്യത്തെ ഏവിയേഷൻ മേഖല കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഡി.ജി.സി.എ പ്രത്യേക ഓഡിറ്റിന് തുടക്കമിട്ടു. ഇതിനായി പുതിയ ചട്ടക്കൂട് രൂപീകരിച്ചു. വിമാന കമ്പനികളുടെ മെയിന്റനൻസ്, റിപ്പയർ, എൻജിനുകളുടെ ഉൾപ്പെടെ അപ്ഡേഷൻ എന്നിവ കൃത്യമാണോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി മൾട്ടി ഡിസിപ്ലിനറി ഓഡിറ്റ് സംഘങ്ങൾ രംഗത്തിറങ്ങി.
ഇൻഡോർ വിമാന താവളത്തിൽ തർക്കം
ഇൻഡോറിൽ നിന്ന് ജബൽപൂരിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. യാത്രക്കാരെ ടെർമിനലിൽ നിന്ന് ബസിൽ കയറ്റി വിമാനത്തിന് സമീപത്ത് എത്തിച്ചെങ്കിലും പുറത്തിറക്കിയില്ല. ഒന്നര മണിക്കൂർ ബസിലിരുത്തിയ ശേഷം സർവീസ് റദ്ദാക്കിയെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ, യു.കെയിലെ ബിർമിംഗ്ഹാമിൽ നിന്ന് ഡൽഹിക്ക് തിരിച്ച എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റിയാദിലിറക്കി.
വീണ്ടും സാമ്പിൾ നൽകണം
പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. രഞ്ജിത അടക്കം എട്ടു പേരെ തിരിച്ചറിയാൻ കുടുംബാംഗങ്ങളോട് വീണ്ടും ഡി.എൻ.എ സാമ്പിളുകൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |