കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കം ആയിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. ജില്ലയിൽ മാത്രം 144 വിദ്യാലയങ്ങൾ അടച്ചുപൂട്ടാനാണ് നീക്കം.
ചാത്തന്നൂർ ഉപജില്ലയിലെ 33 വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നൽകിക്കഴിഞ്ഞു. മറ്റ് ഉപജില്ലകളിലും നോട്ടീസ് അയച്ചുതുടങ്ങി. പുതിയ അദ്ധ്യയന വർഷത്തെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ അപ്രതീക്ഷിത നീക്കം. അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളിൽ എൽ.കെ.ജി മുതൽ മുകളിലേക്കുള്ള ക്ളാസുകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ജില്ലയിലുണ്ട്. സ്കൂളുകളിലേക്ക് മുൻകൂർ ഫീസും ബസ് ഫീസും അടയ്ക്കുകയും യൂണിഫോം, ബുക്ക്, പുസ്തകങ്ങൾ എന്നിവയടക്കം എല്ലാം വാങ്ങുകയും ചെയ്തു. ക്ളാസ് തുടങ്ങി ആഴ്ചകൾ പിന്നിടുമ്പോൾ സ്കൂൾ മാറ്റം പ്രായോഗികമല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.
കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്നാണ് വ്യവസ്ഥ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ളാസുകൾ നടത്താൻ അവകാശമുള്ളുവെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. ബാലാവകാശ കമ്മിഷന്റെ ഉത്തരവുകൂടി കണക്കിലെടുത്താണ് അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം.
കോർപ്പറേറ്റ് സമ്മർദ്ദത്തിന് സർക്കാർ വഴങ്ങി
പുതിയ സ്കൂൾ തുടങ്ങണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി വേണം
കഴിഞ്ഞ കുറേ വർഷങ്ങളായി എൻ.ഒ.സി നൽകുന്നില്ലെന്ന് സംസ്ഥാന പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ
എന്നാൽ കോർപ്പറേറ്റ് മാഫിയകൾക്ക് എൻ.ഒ.സി നൽകുന്നുണ്ടെന്നും അസോ. ഭാരവാഹികൾ
വിദ്യാഭ്യാസ യോഗ്യതയുള്ള വലിയൊരു വിഭാഗത്തിനാണ് ഈ മേഖലയിൽ ജോലി ലഭിക്കുന്നത്
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 94 ശതമാനം സ്കൂളുകൾക്കും ഹൈക്കോടതിയുടെ പരിരക്ഷയുണ്ട്
ചില കോർപ്പറേറ്റുകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സ്കൂളുകൾ അടച്ചുപൂട്ടുന്ന നടപടികളിലേക്ക് സർക്കാർ തിരിഞ്ഞത്
സർക്കാർ ഇപ്പോഴത്തെ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സമരം തുടങ്ങാനും ഹൈക്കോടതിയെ സമീപിക്കാനും സംസ്ഥാന പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ തീരുമാനിച്ചു.
എസ്.അരുൺ, സംസ്ഥാന പ്രസിഡന്റ്, ആർ.വിനോദ്, സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |