വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം യു.എസ് കൂടി രംഗപ്രവേശം ചെയ്തതോടെ സംഘർഷത്തിന്റെ ഗതി മാറി. ഇറാൻ ഇനി എന്തെല്ലാമാണ് ചെയ്യുകയെന്ന് കണ്ടറിയണം. ലോകത്തിലെ നിർണായകമായ ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലാണ് ഇറാൻ. അങ്ങനെയെങ്കിൽ അത് ലോകത്തെ മുഴുവൻ ബാധിക്കും. ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കില്ല. ആഗോള എണ്ണ കയറ്റുമതിയുടെ 20 ശതമാനവും ഒമാനും ഇറാനും ഇടയിലൂടെയുള്ള ഈ കടലിടുക്കിലൂടെയാണ്. ഈ വഴി അടയ്ക്കുന്നതോടെ ഊർജ്ജമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഇവിടെയുണ്ടാകുന്ന ചെറിയ പ്രതിസന്ധി പോലും ലോകത്തെ പിടിച്ചുകുലുക്കും.
50 വലിയ എണ്ണ ടാങ്കറുകൾ ഹോർമൂസിലൂടെ കടക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനുമുമ്പും പല തവണ ഇറാൻ ഹോർമുസ് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദ്ദത്താൽ അത് സാധിച്ചിട്ടില്ല. ഖത്തറിന്റെ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) കയറ്റുമതിയുടെ 80 ശതമാനവും ഹോർമുസ് വഴിയാണ് കടന്നുപോകുന്നത്.
ലോകത്തിലെ പ്രധാനപ്പെട്ട
ഊർജ്ജ ഇടനാഴിയായി
അരനൂറ്റാണ്ടായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്.
പേർഷ്യൻ ഗൾഫിനെ ഗൾഫ് ഒഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. 21 നോട്ടിക്കൽ മൈലാണ് വീതി. ലോകത്തിലെ ഏറ്റവും ഊർജ്ജസമ്പന്നമായ ചില രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതിയുടെ പ്രധാന ഗതാഗത മാർഗം. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, ഇറാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്‌കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്.
യു.എസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു (ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണിത്)
ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പ്രധാന പാത കൂടിയാണിത്
ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റർ (21 മൈൽ) വീതി
# നൂറ്റാണ്ടുകളായി പല സംഘർഷങ്ങളുണ്ടായപ്പോഴും ഹോർമുസ് ഒരു തവണ പോലും പൂർണമായും അടച്ചിട്ടിട്ടില്ല.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണെന്നതിനാൽ അടച്ചിടൽ ഏറ്റവും കൂടുതൽ ബാധിക്കുക ഇറാനെ തന്നെയാകും.
1980കളിൽ ഇറാൻ- ഇറാഖ് യുദ്ധകാലത്ത് ഇരു രാജ്യങ്ങളും പരസ്പരം എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമ്പോഴും ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |