പ്രമുഖ താരങ്ങൾ ആഡംബരവസതി വാടകയ്ക്ക് കൊടുക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. നേരത്തെ മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ വീട് വാടകയ്ക്ക് നൽകുന്നതായി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നടൻ ആർ മാധവനും സമാന തീരുമാനത്തിലെത്തിയിരിക്കുകയാണ്.
മുംബയിലെ ആഡംബര അപ്പാർട്ട്‌മെന്റാണ് താരം വാടകയ്ക്ക് നൽകുന്നത്. പ്രതിമാസം ആറര ലക്ഷം രൂപയാണ് വാടകയായി നൽകേണ്ടത്. ബ്രിട്ടീഷ് പെട്രോളിയം എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മൾട്ടി നാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബി പി എക്സ്‌പ്ലോറേഷൻ (ആൽഫ) ലിമിറ്റഡിന് രണ്ട് വർഷത്തേക്ക് അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
4,182 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ആഡംബരവസതി ബികെസിയിലെ പ്രീമിയം റെസിഡൻഷ്യൽ ടവറായ സിഗ്നിയ പേളിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷക്കാലയളവിൽ, മൊത്തം വാടക വരുമാനം 1.60 കോടിയായിരിക്കും. കൂടാതെ, മാധവന് 39 ലക്ഷം രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകിയിട്ടുണ്ട്.
2025 ജൂൺ പതിനൊന്നിനാണ് വാടക കരാർ രജിസ്റ്റർ ചെയ്തതത്. 47,000 സ്റ്റാമ്പ് ഡ്യൂട്ടിയും, 1,000 രജിസ്‌ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്. ഇതുപ്രകാരം ആദ്യ വർഷത്തേക്ക് പ്രതിമാസ വാടക 6.50 ലക്ഷമായി നിശ്ചയിച്ചിട്ടുണ്ട്, രണ്ടാം വർഷത്തിൽ ഇത് 5% വർദ്ധിച്ച് ഏകദേശം 6.83 ലക്ഷമായി ഉയരും. ആർ മാധവനും ഭാര്യയും 2024 ജൂലായിലാണ് 17.50 കോടിക്ക് ഈ ആഡംബര അപ്പാർട്ട്‌മെന്റ് വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |