വാഷിംഗ്‌ടൺ: യാത്രക്കാരെ വഹിച്ചുകൊണ്ട് വിജയകരമായി യാത്ര പൂർത്തിയാക്കി ബീറ്റ ടെക്‌നോളജീസിന്റെ ആലിയ സിഎക്‌സ് 300 ഇലക്‌ട്രിക് വിമാനം. വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ ഇലക്‌ട്രിക് വിമാനമാണിത്. ഈ മാസം ആദ്യം ഈസ്റ്റ് ഹാംപ്‌ടണിൽ നിന്ന് യുഎസിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് നാല് യാത്രക്കാരുമായി പറന്ന വിമാനം വെറും 30 മിനിട്ടിലാണ് 70 നോട്ടിക്കൽ മൈൽ (130 കിലോമീറ്റർ) താണ്ടിയതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.
ഇതേ ദൂരം യാത്ര ചെയ്യാൻ ഒരു ഹെലികോപ്‌റ്ററിന് 13,885 രൂപയാണ് ചെലവ്. എന്നാൽ, ഇലക്‌ട്രിക് വിമാനത്തിന് വെറും 694 രൂപയാണ് ചെലവായത്. മാത്രമല്ല, എൻജിനുകളും പ്രൊപ്പല്ലറുകളും ഇല്ലാത്തതിനാൽ യാത്രക്കാർക്ക് സുഖമായി സംസാരിക്കാനും സമാധാനമായി ഇരിക്കാനും സാധിക്കും. പൈലറ്റിന്റെ ശമ്പളം ഉൾപ്പെടെ കണക്കാക്കിയാൽപ്പോലും ഈ ഇലക്‌ട്രിക് വിമാനം വളരെയേറെ ലാഭമാണെന്ന് ബീറ്റ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ കൈൽ ക്ലാർക്ക് പറഞ്ഞു.
വെർമോണ്ടിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റ ടെക്‌നോളജീസ് 2017ലാണ് സ്ഥാപിതമായത്. ഇലക്ട്രിക് വിമാനങ്ങളുടെ ഉത്പാദനം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ വേഗത്തിലാക്കാൻ അടുത്തിടെ 318 മില്യൺ ഡോളർ ധനസഹായം കമ്പനി സ്വരൂപിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ വിമാനത്തിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സർട്ടിഫിക്കേഷൻ ലഭിക്കുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കാൻ ബീറ്റ വിമാനങ്ങൾക്ക് കഴിവുള്ളതിനാൽ നഗരങ്ങൾക്കും പ്രാന്തപ്രദേശങ്ങൾക്കുമിടയിലുള്ള യാത്ര നടത്താൻ ഇത് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. പറക്കും ടാക്‌സി എന്നാണ് ഈ വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങൾ അറിയപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |