കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണ ഭീഷണി കടുപ്പിച്ചതും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളുമാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഇതോടെ ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണത്തിലേക്ക് പണമൊഴുക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,380 ഡോളറിലേക്കാണ് ഉയർന്നത്. കഴിഞ്ഞ വാരം ലാഭമെടുപ്പിനെ തുടർന്ന് സ്വർണ വില താഴേക്ക് നീങ്ങിയിരുന്നു. ഹോർമൂസ് ഇടനാഴി ഇറാൻ അടയ്ക്കുമെന്ന ആശങ്കകളും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു.
അതേസമയം കേരളത്തിൽ ഇന്നലെ പവൻ വിലയിൽ നേരിയ കുറവുണ്ടായി. പവന് 40 രൂപ താഴ്ന്ന് വില 73,840 രൂപയിലെത്തി. ഡോളറിന് എതിരെ രൂപ ദുർബലമാകുന്നതും രാജ്യാന്തര വിപണിയിലെ ചലനങ്ങളും സ്വർണ വിലയിൽ വീണ്ടും മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇറാന്റെ അടുത്ത നീക്കമാണ് ആഗോള രംഗത്ത് നിക്ഷേപകർ ശ്രദ്ധയോടെ കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |