ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇംഗ്ളീഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ സ്വത്ത് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ലേഖനം പ്രധാനമന്ത്രി തന്റെ സമൂഹമാദ്ധ്യമായ എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കിടുകയും ചെയ്‌തു. കോൺഗ്രസിലെ പ്രതിഷേധങ്ങൾ വകവയ്‌ക്കാതെ കേന്ദ്രസർക്കാരിനെ പരസ്യമായി പിന്തുണയ്‌ക്കുന്ന നിലപാട് തുടരാനാണ് ഭാവമെന്ന് വ്യക്തമാക്കുകയാണ് തരൂർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജം,ചലനാത്മകത,ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന ആസ്തിയാണെന്നും അദ്ദേഹത്തിന് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സർവകക്ഷി സംഘങ്ങൾ നടത്തിയ യാത്ര ആഗോളതലത്തിൽ ഇന്ത്യയുടെ ഐക്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഐക്യത്തിന്റെ ശക്തി,വ്യക്തമായ ആശയവിനിമയം,സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത തുടങ്ങിയവ അന്താരാഷ്ട്ര തലത്തിലെ സങ്കീർണമായ സാഹചര്യങ്ങളിൽ ഇന്ത്യയ്‌ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കിയതായി തരൂർ തുടർന്നു. കൊളംബിയയുടെ അടക്കം നിലപാടുകളിൽ വന്ന മാറ്റം സർവകക്ഷി സംഘത്തിന്റെ ഇടപെടൽ വിജയമെന്ന് തെളിയിച്ചെന്നും തരൂർ ചൂണ്ടിക്കാട്ടി.
ലേഖനം പങ്കിട്ട പ്രധാനമന്ത്രിയുടെ നീക്കം തരൂരിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തരൂർ പാർട്ടി വിട്ട് കേന്ദ്രസർക്കാർ നൽകുന്ന വലിയ പദവി സ്വീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |