പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ക്രൂഡോയിൽ വില കുതിക്കുന്നു
കൊച്ചി: ഇറാനെതിരെ യു.എസും ആക്രമണം ആരംഭിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു. ഇറാനും ഇസ്രയേലുമായുള്ള യുദ്ധം പ്രതീക്ഷിച്ചതിലും നീളുമെന്ന ആശങ്കയേറിയതോടെ നിക്ഷേപകർ സുരക്ഷിത മേഖലകളിലേക്ക് നീങ്ങി. ഇതോടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികൾ കനത്ത നഷ്‌ടം നേരിട്ടു. സ്വർണ വില ഔൺസിന് 3,380 ഡോളർ വരെ ഉയർന്നു. ഹോർമൂസ് ഇടനാഴി അടയ്ക്കുമെന്ന ഇറാന്റെ ഭീഷണിയാണ് പൊടുന്നനെ എണ്ണ വിലയിൽ കുതിപ്പുണ്ടാക്കിയത്. ഒരവസരത്തിൽ ക്രൂഡ് വില ബാരലിന് 80 ഡോളറിന് അടുത്തെത്തി. യുദ്ധം തീവ്രമായാൽ എണ്ണ വില 120 ഡോളർ വരെ ഉയരാനിടയുണ്ടെന്ന് ആഗോള ഏജൻസികൾ വിലയിരുത്തുന്നു.
ഇന്നലെ സെൻസെക്സ് 511 പോയിന്റ് നഷ്‌ടവുമായി 81,896.79ൽ അവസാനിച്ചു. നിഫ്‌റ്റി 141 പോയിന്റ് ഇടിഞ്ഞ് 24,971.90ൽ എത്തി. ഒരവസരത്തിൽ സെൻസെക്സ് 900 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ നേരിയ നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കി.
വെല്ലുവിളിയായി ഹോർമൂസ് ഇടനാഴി
എണ്ണക്കപ്പലുകൾ കടന്നുപോകുന്ന ലോകത്തെ പ്രധാന കപ്പൽ ചാലാണ് ഹോർമൂസ് ഇടനാഴി. മൊത്തം ഇന്ധന വ്യാപാരത്തിന്റെ 40 ശതമാനം ഇതിലൂടെയാണ് നടക്കുന്നത്. ഹോർമൂസ് ഇടനാഴി അടയ്ക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് ഇറാനിലെ ദേശീയ സുരക്ഷ കൗൺസിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു നീക്കമുണ്ടായാൽ എണ്ണ വില കുതിച്ചുയരാനും ഇന്ത്യയടക്കമുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലെ സാമ്പത്തിക മേഖലകൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.
നെഞ്ചിടിപ്പോടെ വ്യവസായ മേഖല
1. അടിസ്ഥാന വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ലാഭക്ഷമതയെ എണ്ണ വിലയിലെ കുതിപ്പ് പ്രതികൂലമായി ബാധിക്കും
2. ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ കൂടാനും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നതിനും എണ്ണ വില വർദ്ധന കാരണമാകും
3.നാണയപ്പെരുപ്പം ഉയരാൻ ഇടയുള്ളതിനാൽ റിസർവ് ബാങ്ക് വീണ്ടും പലിശ വർദ്ധന പോലുള്ള നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാണ്
4.ആഭ്യന്തര ഉപഭോഗത്തിന്റെ കരുത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെങ്കിലും ആഗോള അനിശ്ചിതത്വങ്ങൾ തിരിച്ചടിയായേക്കും
മേയ് മാസത്തിൽ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി 9.8 ശതമാനം ഉയർന്ന് 233.2 ലക്ഷം മെട്രിക് ടണ്ണായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |