കൊച്ചി: കൊവിഡ് കാലത്ത് സ്‌പ്രിൻക്ളർ കരാറുമായി ബന്ധപ്പെട്ട് വ്യക്തിവിവരച്ചോർച്ച നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്രിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
സ്‌പ്രിൻക്ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പിമുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ 2020ൽ നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണനയിലുള്ളത്.
കൊവിഡിന്റെ മറവിൽ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വ്യക്തിവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ളർ ചോർത്തിയെന്നും ടെൻഡറില്ലാത്ത കരാറിൽ അഴിമതിയുണ്ടെന്നുമാണ് ആരോപണം.
കരാർ കാലാവധി അവസാനിച്ചതിനാൽ ഇത്തരം ആവശ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് കഴിഞ്ഞദിവസം സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അനുബന്ധ ആവശ്യങ്ങളുണ്ടെങ്കിൽ ഹർജികൾ ഭേദഗതിചെയ്യാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് ഡേറ്റാ ചോർച്ച നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമടക്കം ഉന്നയിച്ച് ഹർജിക്കാർ ഉപഹർജികൾ നൽകി. ഇതിലാണ് കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. ഹർജികൾ ജൂലായ് 7ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |