ന്യൂഡൽഹി : പിതാവിന്റെ അശ്രയം ഇല്ലാതെ അമ്മമാരുടെ മാത്രം
സംരക്ഷണയിൽ കഴിയുന്ന കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാർഗ രേഖ നൽകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.
മിശ്രവിവാഹിതരുടെ കേസുകളിലും വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കും. സംസ്ഥാനങ്ങളുടെ നിലപാട് തേടി.
അമ്മ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും കുട്ടിയെ ഒറ്റയ്‌ക്ക് വളർത്തുന്നതുമായ സാഹചര്യമാണെങ്കിൽ സർട്ടിഫിക്കറ്റിനായി അവരെന്തിന് പിതാവിന് പിന്നാലെ പോകണമെന്ന് കോടതി ചോദിച്ചു.
കുട്ടിയുടെ പിതാവിന്റെ ജാതി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു. അമ്മയുടെ ഒ.ബി.സി പദവിയുടെ അടിസ്ഥാനത്തിൽ കുട്ടിക്കും സർട്ടിഫിക്കറ്റ് നൽകണമെന്നും കുട്ടിയുടെ പിതാവിന്റെ രേഖകൾക്കായി നിർബന്ധിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത് ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മറുപടി സമർപ്പിക്കണം. ജൂലായ് 22ന് അന്തിമ വാദം കേൾക്കും.
ഹർജിയെ അനുകൂലിച്ച് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാനങ്ങളാണ് മാർഗരേഖ തയ്യാറാക്കേണ്ടത്. സംസ്ഥാനങ്ങളുടെ നിലപാട് തേടണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ അറിയിക്കാമെന്ന് കോടതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |