കഴക്കൂട്ടം: വനിതാ പൊലീസുകാരെ ഫോൺ വിളിച്ച് അശ്ളീലം പറഞ്ഞ പ്രതിയെ പിടികൂടി. മേനംകുളം സ്വദേശിയായ ജോസാണ് (37) പിടിയിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു.
ഇന്റർനെറ്റിൽ പരതി ഐ.ജിയെന്നോ ഡി.വൈ.എസ്.പിയെന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തിയാണ് ഫോൺ വിളി. നിരന്തരം വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കും.ഫോൺ കട്ട് ചെയ്താലും പ്രതി വീണ്ടും വിളിക്കും. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോൾ കഴക്കൂട്ടം പൊലീസ് കോട്ടയത്തു നിന്ന് ഇയാളെ പിടികൂടിയത്.
മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസിക്കുന്നത്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ജോസ് ഇത്തരത്തിലുള്ള 20 ഓളം കേസുകളിൽ പ്രതിയാണ്. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്. രണ്ടുതവണ പൊലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും കേസുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |