എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ടിലെ ആദ്യ മത്സരത്തിൽ 13-0ത്തിന് മംഗോളിയയെ കീഴടക്കി ഇന്ത്യൻ വനിതകൾ
അഞ്ചു ഗോളുകൾ നേടി പ്യാരി, പ്രിയദർശിനിക്കും സൗമ്യയ്ക്കും ഇരട്ടഗോൾ, ഗോളടിച്ച് മലയാളിതാരം മാളവികയും
ചിയാംഗ് മായ് : തായ്ലാൻഡിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ടിലെ ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത 13 ഗോളുകൾക്ക് മംഗോളിയയെ കീഴടക്കി ഇന്ത്യൻ വനിതാ ഫുട്ബാൾ ടീം. 700-ാം വാർഷികം ആഘോഷിക്കുന്ന ചിയാംഗ് മായ് സ്റ്റേഡിയത്തിൽ ഇന്നലെ മംഗോളിയയ്ക്ക് മേൽ ഗോൾ വർഷം ചൊരിയുകയായിരുന്നു ഇന്ത്യൻ വനിതകൾ. അഞ്ചു ഗോളുകൾ നേടിയ ഒഡീഷക്കാരി പ്യാരി സാക്സയും രണ്ടു ഗോളുകൾ വീതം നേടിയ പ്രിയദർശിനിയും സൗമ്യ ഗുഗുലോത്തും ഓരോ ഗോളടിച്ച മലയാളി താരം പി.മാളവിക, സംഗീത ബസ്ഫോറേ,റംപ ഹാൽദർ, ഗ്രേസ് ഡാംഗ്മേയ് എന്നിവരും ചേർന്നാണ് ഇന്ത്യയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാർജിനുകളിലൊന്നിന്റെ വിജയമൊരുക്കിയത്.
ആദ്യ പകുതിയിൽ നാലുഗോളുകൾക്ക് ലീഡ് ചെയ്ത ഇന്ത്യ രണ്ടാം പകുതിയിലാണ് ബാക്കി ഒൻപത് ഗോളുകളും വലയിലാക്കിയത്. എട്ടാം മിനിട്ടിൽ ഇടതുവിംഗിൽ നിന്ന് സൗമ്യ ഉയർത്തിവിട്ട ക്രോസ് തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി സംഗീതയാണ് സ്കോറിംഗ് തുടങ്ങിവച്ചത്.20-ാം മിനിട്ടിൽ റിംപയുടെ ക്രോസിൽ നിന്ന് സൗമ്യ രണ്ടാം ഗോളും നേടി. 29-ാം മിനിട്ടിൽ സൗമ്യ പിന്നിലേക്ക് തട്ടിനൽകിയ പന്തിൽ നിന്നാണ് പ്യാരി ഗോളടി തുടങ്ങിയത്.45,46,52,55 മിനിട്ടുകളിലായി പ്യാരി വീണ്ടും വലകുലുക്കിയതോടെ മംഗോളിയക്കാർ തകർന്ന് തരിപ്പണമായി.
59-ാം മിനിട്ടിൽ സൗമ്യ തന്റെ രണ്ടാം ഗോൾ നേടി. 65-ാം മിനിട്ടിൽ പകരക്കാരിയായി കളത്തിലേക്കിറങ്ങിയ മാളവിക രണ്ട് മിനിട്ടിനുള്ളിൽ റിംപയ്ക്ക് ഗോളടിക്കാൻ വഴിയൊരുക്കി. 71-ാം മിനിട്ടിൽ മാളവികയും സ്കോർ ചെയ്തു. ഇന്ത്യൻ കുപ്പായത്തിൽ മാളവികയുടെ ആദ്യ ഗോളായിരുന്നു ഇത്. 73-ാംമിനിട്ടിൽ പ്രിയദർശിനി തന്റെ ആദ്യ ഗോൾ നേടി. 75-ാം മിനിട്ടിൽ ഗ്രേസ് സ്കോർ ചെയ്തത് പെനാൽറ്റിയിൽ നിന്നാണ്. 86-ാം മിനിട്ടിൽ പ്രിയദർശിനിയാണ് ഇന്ത്യയുടെ 13-ാം ഗോളടിച്ചത്.
നാലുമാസത്തിന് ശേഷമാണ് ഇന്ത്യൻ വനിതാ ഫുട്ബാൾ ടീം ഒരു വിജയം നേടുന്നത്. ഫെബ്രുവരിയിൽ ജോർദാനെ 2-0ത്തിന് തോൽപ്പിച്ചതിന് ശേഷം റഷ്യയോടും ദക്ഷിണ കൊറിയയോടും ഓരോ മത്സരത്തിലും ഉസ്ബക്കിസ്ഥാനോട് രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരങ്ങളിൽ ഇന്ത്യ 29-ന് ടിമോർലെറ്റിനെയും ജൂലായ് 2ന് ഇറാഖിനെയും 5ന് തായ്ലാൻഡിനെയും നേരിടും. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീമിനാണ് ഓസ്ട്രേലിയയിൽ നടക്കുന്ന എ.എഫ്.സി കപ്പിലേക്ക് പ്രവേശനം.
ഗോളുകൾ ഇങ്ങനെ
1-0
8-ാം മിനിട്ട്, സംഗീത
2-0
20-ാം മിനിട്ട്, സൗമ്യ
3-0
29-ാം മിനിട്ട്, പ്യാരി
4-0
45-ാം മിനിട്ട്, പ്യാരി
5-0
46-ാം മിനിട്ട്,പ്യാരി
6-0
52-ാം മിനിട്ട്, പ്യാരി
7-0
55-ാം മിനിട്ട്, പ്യാരി
8-0
59-ാം മിനിട്ട് , സൗമ്യ
9-0
67-ാം മിനിട്ട്, റിംപ
10-0
71-ാം മിനിട്ട്, മാളവിക
11-0
73-ാം മിനിട്ട്, പ്രിയദർശിനി
12-0
75-ാം മിനിട്ട്,ഭാംഗ്മേയ് ഗ്രേസ്
13-0
86-ാം മിനിട്ട്, പ്രിയദർശിനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |