പത്തനംതിട്ട: കൗമാരക്കാരിലെ ആരോഗ്യ പ്രശ്നങ്ങളിൽ അവരും രക്ഷിതാക്കളും അമിത ഉത്കണ്ഠ കാണിക്കുന്നത് അപകടമാകുമെന്ന് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ബി. ഇന്ദുലേഖ പറഞ്ഞു. പത്തനംതിട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ( തൈക്കാവ്) കൗമാരക്കാരിലെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് കേരളകൗമുദി നടത്തിയ ബോധപൗർണമി സെമിനാറിൽ ക്ളാസെടുക്കുകയായിരുന്നു ഇന്ദുലേഖ.
ശരീരത്തിന്റെ വളർച്ചയിൽ മാറ്റം വരുന്ന സമയമാണ് കൗമാരകാലം. ഏതെങ്കിലും കാര്യത്തിന് ഒാൺലൈനിലൂടെ മരുന്നുകൾ വാങ്ങി കഴിക്കുന്നതും ലേപനങ്ങൾ പുരട്ടുന്നതും ദോഷം ചെയ്യും. അത്യാവശ്യമാണെങ്കിൽ മാത്രം ഡോക്ടറെ കാണണം.
ശരീരത്തെ സ്വാഭാവിക മാറ്റങ്ങൾക്ക് അനുവദിക്കുകയാണ് വേണ്ടത്. മുഖക്കുരു വന്നാൽ പൊട്ടിക്കുന്നതു പോലെ സ്വയം ചികിത്സ നടത്തരുത്. എന്തു കാര്യവും മാതാപിതാക്കളോട് സംസാരിക്കണം. അവർ നൽകുന്ന കരുതലിനും സ്നേഹത്തിനും അപ്പുറം മറ്റൊന്നുമില്ലെന്ന് ഇന്ദുലേഖ പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് ബി. എൽ. അഭിലാഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്.ബീന അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് എം.ബിജുമോഹൻ, സീനിയർ സെയിൽസ് ഒാഫീസർ എസ്. അനിൽകുമാർ, സർക്കുലേഷൻ എക്സിക്യൂട്ടീവ് എം. കെ മനു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജി.മിനി, വിദ്യാർത്ഥി പ്രതിനിധി ദിയ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |