പോത്തൻകോട്: മണ്ണന്തലയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ സഹോദരിയെ ക്രൂരമായി മർദ്ദിച്ചുകൊന്ന യുവാവിനെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവം നടന്ന അപ്പാർട്ട്മെന്റിലടക്കം എത്തിച്ച് തെളിവെടുക്കും.
സഹോദരന്റെ മർദ്ദനമേറ്റ് മരിച്ച ഷഹീന ക്രൂര മർദ്ദനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ശ്വാസംമുട്ടിയാണ് ഷഹീന മരിച്ചത്. മർദ്ദനത്തിനിടയിൽ വായും മൂക്കും പൊത്തിപ്പിടിച്ചതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നതായി അന്വഷണ സംഘം പറഞ്ഞു. ഷഹീനയുടെ ശരീരത്തിലെ ചതവുകളും അടയാളങ്ങളും ദിവസങ്ങളോളം മർദ്ദനത്തിന് ഇരയായതിന് തെളിവാണ്. ക്രൂര മർദ്ദനത്തിൽ ഷഹീനയുടെ തലയോട്ടി പൊട്ടുകയും വാരിയെല്ലുകൾ തകർന്നിട്ടുമുണ്ട്. ശരീരത്ത് മിക്ക ഭാഗത്തും നഖം കൊണ്ട് വരഞ്ഞതും കടിച്ചതുമായ പാടുകളുണ്ട്. കൈകളും തോളെല്ലും ഒടിഞ്ഞിട്ടുണ്ട്. സംഭവദിവസത്തിന് മുൻപുള്ള ദിവസങ്ങളിലും മർദ്ദനം നടന്നിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ യുവാവുമായുള്ള ഷഹീനയുടെ സുഹൃദ്ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതേ ചൊല്ലി ഇതിന് മുൻപും ഷംഷാദ്,ഷഹീനയെ മർദ്ദിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം യുവാവുമായി വീഡിയോ കാൾ ചെയ്യുന്നത് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം.
ഷഹീനയുടെ മരണം ഉറപ്പാക്കിയശേഷമാണ് ചെമ്പഴന്തി സ്വദേശിയായ സുഹൃത്ത് വൈശാഖിനെ ഷംഷാദ് അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തിയത്.
ആരുമറിയാതെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ ഇരുവരും പദ്ധതിയിട്ടെങ്കിലും മാതാപിതാക്കളുടെ വരവോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഷംഷാദും വൈശാഖും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അടുത്തിടെ നടന്ന കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയാൻ വേണ്ടിയാണ് മണ്ണന്തലയിൽ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. പോത്തൻകോട് ചാത്തമ്പാട് സ്വദേശികളായ മുഹമ്മ് ഷഫീഖിനും സലീനയ്ക്കും ഷംഷാദും ഷഹീനയും ഉൾപ്പെടെ അഞ്ച് മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |