കെ.സി.എല്ലിൽ കളിക്കാനിറങ്ങാൻ സഞ്ജു സാംസണും
കെ.സി.എൽ രണ്ടാം സീസൺ താരലേലം ജൂലായ് അഞ്ചിന്
തിരുവനന്തപുരം: വരുന്ന ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിൽ കളിക്കാരനായി ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ടാകും. ആദ്യ സീസണിൽ ലീഗിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു സഞ്ജു.
ഐ.പി.എൽ മാതൃകയിൽ ട്വന്റി-20 ഫോർമാറ്റിലുള്ള ലീഗിന്റെ രണ്ടാം എഡിഷൻ ആഗസ്റ്റ് 21-ന് തുടങ്ങും. ആ സെപ്തംബർ ഏഴിനാണ് ഫൈനൽ. സ്റ്റാർ സ്‌പോർട്‌സിലും ഒരു സ്വകാര്യ മലയാളം ചാനലിലും ഒടിടി പ്ലാറ്റ്‌ഫോമിലും കളി ലൈവായി കാണാനാകും.
ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറുടീമുകളായിരിക്കും രണ്ടാം എഡിഷനിലും ഏറ്റുമുട്ടുക. സച്ചിൻ ബേബി ക്യാപ്ടനായ കൊല്ലം സെയ്‌ലേഴ്‌സാണ് നിലവിലെ ചാമ്പ്യന്മാർ.
ഈ വർഷത്തെ താരലേലം ജൂലായ് അഞ്ചിന് തിരുവനന്തപുരത്ത് നടക്കും. ഓരോ ടീമിനും 16 മുതൽ 20 കളിക്കാരെ ഉൾപ്പെടുത്താം. താരങ്ങളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജു സാംസൺ, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്‌സേന, രോഹൻ കുന്നുമ്മൽ തുടങ്ങിയവരുൾപ്പെടെ 39 കളിക്കാരാണ് എ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ബി കാറ്റഗറിയിൽ 42 പേരും സി കാറ്റഗറിയിൽ 87 പേരുമുൾപ്പെടുന്നുണ്ട്.
എ കാറ്റഗറിയിൽപെടുന്ന താരങ്ങളുടെ അടിസ്ഥാനവില മൂന്നുലക്ഷം രൂപയാണ്. ബി വിഭാഗത്തിൽ 1.5 ലക്ഷവും സി വിഭാഗത്തിന് 75,000-വും. കഴിഞ്ഞതവണ ഇത് യഥാക്രമം രണ്ടുലക്ഷം, ഒരുലക്ഷം, 50,000 എന്നിങ്ങനെയായിരുന്നു. കളിക്കാർക്കായി ഒരു ടീമിന് 50 ലക്ഷം രൂപവരെ വിനിയോഗിക്കാം. കഴിഞ്ഞതവണ ഇത് 35 ലക്ഷമായിരുന്നു. കഴിഞ്ഞതവണ ഓരോ ടീമിനും ഐക്കൺ പ്ലെയർ എന്നനിലയിൽ താരങ്ങളെ മുൻകൂട്ടി തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. ഇക്കുറി ഐക്കൺ പ്ലെയറെ ഒഴിവാക്കാനാണ് തീരുമാനം. നിലവിലുള്ള നാലു താരങ്ങളെ നിലനിർത്താനും ടീമുകൾക്ക് അവസരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |