ടെഹ്‌റാൻ: വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇറാനിൽ നിന്ന് 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായത് ആശങ്കയാകുന്നു. ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം കാണാനില്ലെന്ന് യു.എസ് ആരോപിച്ചിരുന്നു. യു.എസ് ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. കാണാതായതിൽ 60 ശതമാനത്തോളം സമ്പുഷ്ടീകരണ യുറേനിയമാണ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻ ഇത് മതിയാകും. ആണവായുധ നിർമ്മാണപ്രവർത്തനങ്ങളുമായി ഇറാൻ ഇനിയും മുമ്പോട്ട് പോയേക്കാം എന്നതിന്റെ സൂചനയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നത്. അതിനിടെ യു.എസ് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും രാജ്യത്ത് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉണ്ടെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് രംഗത്തെത്തി. കളികൾ അവസാനിച്ചിട്ടില്ലെന്നും പറഞ്ഞു,
ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ടുപോയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പ് നൽകി. ഇറാൻ ഭാവിയിൽ ആണവായുധ നിർമ്മാണം നടത്തുകയാണെങ്കിൽ യു.എസ് സൈന്യത്തിന്റെ ശക്തിയെന്താണെന്ന് ഇനിയും അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ എത്രത്തോളം യുറേനിയം ശേഖിച്ചുവെന്നും ഫോർഡോ ആണവകേന്ദ്രത്തിന് ആക്രമണത്തിൽ എത്രത്തോളം കേടുപാടുകൾ സംഭവിച്ചു എന്നുമുള്ള കാര്യത്തിൽ വാൻസ് വ്യക്തത വരുത്തിയിട്ടില്ല. യുറേനിയം കൂടാതെ ചില ഉപകരണങ്ങളും ഇവിടെനിന്ന് ഇറാൻ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുണ്ട്.
ആണവായുധ കേന്ദ്രങ്ങൾ യു.എസ് ആക്രമിക്കുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ചിത്രങ്ങളിൽ ഫോർഡോ ആണവായുധ കേന്ദ്രങ്ങളുടെയടുത്ത് അടുത്ത് 16 ഓളം ട്രക്കുകളുടെ നിര വ്യക്തമായി കാണുന്നുണ്ട്. എന്നാൽ, യുറേനിയം എവിടേക്ക് മാറ്റി എന്ന കാര്യം അവ്യക്തമാണ്. മറ്റൊരു ഭൂഗർഭ കേന്ദ്രത്തിലേക്ക് ഇവ മാറ്റിയിരിക്കാമെന്നാണ് യു.എസും ഇസ്രയേലും കരുതുന്നത്.
ഇസ്രായേലും യു.എസ് ഇന്റലിജൻസും വിശ്വസിക്കുന്നത് - പ്രത്യേക ക്രേറ്റുകളിൽ പായ്ക്ക് ചെയ്ത യുറേനിയം (ഓരോന്നും ഒരു കാറിന്റെ ബൂട്ടിൽ ഉൾക്കൊള്ളാൻ കഴിയുന്നത്ര ചെറുത്) ട്രക്കുകളിൽ കയറ്റുകയും മറ്റൊരു ഭൂഗർഭ സ്ഥലത്തേക്ക്, ഒരുപക്ഷേ ഇസ്ഫഹാന് സമീപത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഇറാൻ പറഞ്ഞു. നടപടികൾ സ്വീകരിച്ചിട്ടുണ്ട്, കൂടാതെ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്- ഇറാന്റെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് എസ്ലാമി പറഞ്ഞു.
മൂന്ന് പേർ അറസ്റ്റിൽ
ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് ഇസ്രയേലികളെ പൊലീസും ഷിൻ ബെത്ത് ഏജന്റുമാരും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ ഭാവി വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പ്രതികളിൽ ഒരാൾ ശേഖരിച്ച് ഇറാന് കൈമാറിയതായി ഹീബ്രു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |