ഗാസ :ഇസ്രയേൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ 25 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. സഹായ ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേർക്കാണ് ഇസ്രയേൽ സൈന്യം നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നുസൈറത്ത് നഗരത്തിലെ അഭയാർഥി ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റവരെ അവ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രക്കുകൾക്ക് സമീപത്തേയ്ക്ക് ജനങ്ങൾ എത്തിയപ്പോൾ ഇസ്രയേലി സൈന്യം വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതൊരു കൂട്ടക്കൊലയാണെന്നും ജീവൻ രക്ഷിക്കാനായി ഓടിയപ്പോൾ പോലും ടാങ്കുകളും ഡ്രോണുകളും ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർത്തുവെന്നും ദൃക്സാക്ഷിയായ അഹമ്മദ് ഹലാവ പറഞ്ഞു.
146 പലസ്തീനികൾക്ക് പരിക്കേറ്റതായി ഔദ ആശുപത്രി അധികൃതരും അറിയിച്ചു. ഇവരിൽ 62 പേരുടെ നില ഗുരുതരമാണെന്നും ഇവരെ മധ്യ ഗാസയിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും റിപ്പോർട്ട്. ദെയ്ർ അൽബലായിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങൾ സ്വീകരിച്ചതായി അൽഅഖ്സ ആശുപത്രി അറിയിച്ചു.
ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ 56,000 ത്തിലധികം പലസ്തീൻ പൗരർക്ക് ജീവൻ നഷ്ടമായെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |