കുത്തൊഴുക്ക്, മണ്ണിടിച്ചിൽ
ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു
ചൂരൽമല: കഴിഞ്ഞ വർഷം ഉരുൾ മഹാദുരന്തമുണ്ടായ ചൂരൽമലയിൽ ഭീതപരത്തി പേമാരി. പുന്നപ്പുഴയിലെ ജലനിരപ്പുയർന്നു. ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്ക് വിള്ളൽ വീണു. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടില്ല. മുണ്ടക്കൈ വനറാണി എസ്റ്റേറ്റിനു സമീപം മണ്ണിടിച്ചിലുണ്ടായി. പലതവണയായി മലവെള്ളപ്പാച്ചിൽ ഉണ്ടായത് ആശങ്കയ്ക്ക് കാരണമായി.
പുന്നപ്പുഴ നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് അട്ടമല, മുണ്ടക്കൈ റോഡുകൾ വെള്ളത്തിൽ മുങ്ങി. മുണ്ടക്കൈ, അട്ടമല മേഖലകളിൽ കുടുങ്ങിയ തൊഴിലാളികളെ ഒഴിപ്പിച്ചു. 200 ഓളം തൊഴിലാളികളെയാണ് ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് ഒഴിപ്പിച്ചത്. ഹാരിസൺസ് മലയാളം പ്ലാന്റേഷൻ, വനറാണി എസ്റ്റേറ്റ്, റാണിമല എസ്റ്റേറ്റ്, ഡം ഡം എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികളെയാണ് ഒഴിപ്പിച്ചത്. മുണ്ടക്കൈ ഭാഗത്തുനിന്ന് പുന്നപ്പുഴയിലൂടെ മരങ്ങളും മറ്റ് അവശിഷ്ടങ്ങളും ഒഴുകിയെത്തിയത് ഉരുൾ പൊട്ടിയെന്ന പ്രചാരണത്തിന് കാരണമായി. എന്നാൽ, പിന്നീട് റവന്യു ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
പുലർച്ചെ മുതൽ പുന്നപ്പുഴയിൽ വെള്ളം ഉയർന്നു തുടങ്ങിയിരുന്നു. കലങ്ങിമറിഞ്ഞ് വെള്ളം കൂടുതൽ ഒഴുകാൻ തുടങ്ങിയതോടെ പ്രദേശവാസികൾ അധികൃതരെ വിവരം അറിയിച്ചു. റവന്യു, ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യം ഓടിയെത്തിയത്. മേപ്പാടി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തി.
ഉച്ചയോടെ എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തെത്തി. ഇതിനിടയിൽ പ്രദേശവാസികൾ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. എ.ഡി.എം കെ.ദേവകി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |