തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായിരുന്ന മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തളളി. സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
പരാതിക്കാരെ തട്ടിക്കൊണ്ടുപോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. കേസിലെ ഒന്നാം പ്രതി വിനിതയുടെ ഭർത്താവും നാലാം പ്രതിയുമായ ആദർശിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജീവനക്കാർ സ്ഥാപനത്തിൽ നിന്ന് പണം വെട്ടിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി.ദിയയുടെ 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്നെന്നാണ് പരാതി. ഇവർക്കെതിരെ രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കൃഷ്ണകുമാർ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ്, ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. എന്നാൽ പരാതി വ്യാജമാണെന്നാണ് കൃഷ്ണകുമാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |