ആലുവ: കുന്നത്തേരി - കോമ്പാറ റോഡിൽ കല്ലിങ്ങാപ്പറമ്പിന് സമീപം ഇടപ്പള്ളി യത്തിയാംഖാന വക പുരയിടത്തിന്റെ മതിലിനോട് ചേർന്ന് ഒഴിഞ്ഞപറമ്പിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സി.പി.എം പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് ചാക്ക് ഏറ്റെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം കയറുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സി.പി.എം കുന്നത്തേരി സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ.എ. നിഷാദ്, അംഗം ഇ.എ. മനാഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്ളാസ്റ്റിക്ക് ചാക്ക് കണ്ടെത്തിയത്. സംശയത്തെ തുടർന്ന് മുൻപരിചയമുള്ള എ.ടി.എസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോൾ കഞ്ചാവാണെന്ന് ബോദ്ധ്യമായതിനെ തുടർന്നാണ് എക്സൈസിനെ അറിയിച്ചത്.
ഈ സമയം അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. എസ് പ്രമോദിന്റെ നേതൃത്വത്തിൽ കോമ്പാറ മേഖലയിൽ മിന്നൽ പരിശോധനയിലായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ എ.ബി. സജീവ് കുമാർ, പ്രിവന്റിവ് ഓഫീസർമാരായ എം.എം. അരുൺകുമാർ, കെ.എസ്. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസറായ സി.എസ്. വിഷ്ണു, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |