ന്യൂഡൽഹി: ഹിന്ദി അടിച്ചേൽപ്പിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ, വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഭാഷയ്ക്കും എതിരല്ലെന്നും ഡൽഹിയിൽ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങിൽ അമിത് ഷാ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭാഷ ആശയവിനിമയത്തിനുള്ള മാദ്ധ്യമം മാത്രമല്ല, അത് രാഷ്ട്രത്തിന്റെ ആത്മാവാണ്. ഭാഷകളെ സജീവമായി നിലനിറുത്തുകയും സമ്പന്നമാക്കുകയും ചെയ്യണം. എല്ലാ ഇന്ത്യൻ ഭാഷകൾക്കും, പ്രത്യേകിച്ച് ഔദ്യോഗിക ഭാഷയ്ക്ക് മുൻഗണന ലഭിക്കണം.ഹിന്ദി ഒരു ഇന്ത്യൻ ഭാഷയുടെയും ശത്രുവല്ല. സുഹൃത്താണ്. ഹിന്ദിയും മറ്റ് ഇന്ത്യൻ ഭാഷകളും ചേർന്നാൽ രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്താം. വിദേശ ഭാഷയെ എതിർക്കണമെന്ന് പറയുന്നില്ല. മറിച്ച് നമ്മുടെ ഭാഷയെ മഹത്വപ്പെടുത്തുക, നമ്മുടെ ഭാഷ സംസാരിക്കുക, നമ്മുടെ ഭാഷയിൽ ചിന്തിക്കുക. സ്വന്തം ഭാഷയിൽ അഭിമാനിക്കുകയും അത് സ്വയം പ്രകടിപ്പിക്കുകയും ചെയ്യാതെ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മുക്തരാകാൻ കഴിയില്ല. കഴിഞ്ഞ കാലങ്ങളിൽ ഭാഷയുടെ പേരിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമം നടന്നിരുന്നു. അവർക്കതിന് കഴിഞ്ഞില്ല. ഇപ്പോൾ ജെ.ഇ.ഇ, നീറ്റ്, സി.യു.ഇ.ടി തുടങ്ങിയ പരീക്ഷകൾ 13 ഭാഷകളിലെഴുതാം. ഭാഷകളാൽ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ശ്രമമെന്നും അമിത് ഷാ പറഞ്ഞു.