രജിസ്ട്രാർ ഇന്നുച്ചയ്ക്കകം
വിശദീകരിക്കണമെന്ന് വി.സി
തിരുവനന്തപുരം: താൻ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബ ചിത്രമുപയോഗിച്ചതിന്റെ പേരിലുണ്ടായ വിവാദത്തെയും സംഘർഷത്തെയും കുറിച്ച് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിനോട് ഗവർണർ ആർ.വി.ആർലേക്കർ വിശദീകരണം തേടി. ശ്രീ പദ്മനാഭ സേവാസമിതിയുടെ അടിയന്തരാവസ്ഥ അനുസ്മരണ ചടങ്ങിൽ സംഭവിച്ചതെന്താണെന്ന് രജിസ്ട്രാറുടെ വിശദീകരണം സഹിതം മറുപടി നൽകാനാണ് ഗവർണർ നിർദ്ദേശിച്ചത്. ഹാൾ മുൻകൂട്ടി അനുവദിച്ചശേഷം, അനധികൃതമായി ഉപയോഗിച്ചെന്ന് ഡി,ജി,പിക്ക് പരാതി നൽകിയതടക്കം വിശദീകരിച്ച് ഇന്ന് ഉച്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനോട് വി.സി നിർദ്ദേശിച്ചു.
ഹാൾ അനുവദിച്ചത് റദ്ദാക്കാനുള്ള കാരണവും റദ്ദാക്കിയ ഉത്തരവിന്റെ പകർപ്പും ഹാജരാക്കാനും വി.സി നിർദ്ദേശിച്ചിട്ടുണ്ട്.
വി.സിയുടെ അനുമതിയില്ലാതെയായിരുന്നു ഈ നടപടി. സിൻഡിക്കേറ്റംഗങ്ങളുടെ നിർബന്ധപ്രകാരമാണ് രജിസ്ട്രാർ ഡി.ജി.പിക്ക് പരാതി നൽകിയതെന്നാണ് സൂചന.
രജിസ്ട്രാർക്കെതിരെ സംഘാടകരായ ശ്രീപദ്മനാഭ സേവാ സമിതി വൈസ്ചാൻസലർക്ക് പരാതി നൽകി. മതചിഹ്നമല്ലാത്ത ഭാരതാംബ ചിത്രം മാറ്റണമെന്ന് രജിസ്ട്രാർ നിർദ്ദേശിച്ചെന്നും പരിപാടി റദ്ദാക്കിയെന്ന തെറ്റായ വിവരം രജിസ്ട്രാർ ഗവർണറെ അറിയിച്ചെന്നും പരാതിയിലുണ്ട്. വേദിയിലെത്തി രജിസ്ട്രാർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. രജിസ്ട്രാർ സിൻഡിക്കേറ്റംഗങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും പരാതിയിലുണ്ട്. എസ്.എഫ്.ഐയെ ഹാളിനു പുറത്തും കെ.എസ്.യുവിനെ ഹാളിനകത്തും കടക്കാൻ അനുവദിച്ചതിലൂടെ ഗവർണറെ തടയാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഗവർണർ വേദിയിലെത്തി 14 മിനിറ്റിന് ശേഷമാണ് പരിപാടിക്ക് ഹാൾ റദ്ദാക്കിയെന്ന ഇ-മെയിൽ സംഘാടകർക്ക് ലഭിച്ചത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. സംഘാടകർ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |