ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ അടിത്തറയിൽ ആശങ്കയുണ്ടെന്നും മുകൾത്തട്ടിൽ മാത്രം നല്ല നേതാക്കളുണ്ടായാൽ പോരെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാമ്പ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുമാസത്തിനകം യൂത്ത് കോൺഗ്രസിന്റെ ബൂത്ത് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ശക്തമാക്കണം. മിടുക്കരായിട്ടുള്ളവർ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വരണം. കോൺഗ്രസിൽ മിടുക്കിന് ഒറ്റ മാനദണ്ഡമേയുള്ളൂ. ജനപിന്തുണയുള്ളവരായിരിക്കും സ്ഥാനാർത്ഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലിവിഷൻ ചാനലുകളുടെ കടുത്ത മത്സരകാലത്ത് വാർത്തകൾ വളച്ചൊടിക്കപ്പെടുമെന്ന ബോദ്ധ്യത്തിൽ വളവും ഒടിവും ഉണ്ടാവാത്ത പ്രസ്താവനകൾ നടത്താൻ കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുതിർന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു രാഹുലിന്റെ വിമർശനം. എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നതിൽ സുരേഷ് എം.പി,ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,സെക്രട്ടറി അറിവഴകൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്,ഷാഫി പറമ്പിൽ,ഡീൻ കുര്യാക്കോസ്,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ,എം.ജെ. ജോബ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |